ആൾമറയില്ലാത്ത കിണറ്റിൽ  കാൽ വഴുതി വീണ് ഭർത്താവ്; രക്ഷിക്കാൻ പിന്നാലെ ചാടി ഭാര്യ, ഒടുവിൽ ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂർ: വീടിനു മുന്നിലെ ആൾമറയില്ലാത്ത കിണറിന്റെ വശത്തു കൂടി നടക്കുന്നതിനിടയിൽ കിണറ്റിലേക്ക് കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. തൃശൂർ ചേർപ്പ് സിഎൻഎൻ സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാണ്ടിയത്ത് വീട്ടിൽ പ്രതാപ(65)നാണ് മരിച്ചത്. രക്ഷിക്കാൻ കിണറ്റിലേക്കു ചാടിയ പ്രതാപന്റെ ഭാര്യ വത്സലയെ നാട്ടുക്കാർ രക്ഷിച്ചു.

ബുധനാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജോലി ചെയ്യുന്ന പ്രതാപൻ ജോലി കഴിഞ്ഞ് വീട്ടിലെത്തി കിണറിന് സമീപത്തു കൂടി നടക്കുന്നതിനിടെ കാൽ വഴുതി വെള്ളം നിറഞ്ഞു കിടക്കുന്ന കിണറ്റിലേക്കു വീഴുകയായിരുന്നു. സംഭവം കണ്ട ഭാര്യ വത്സല ഇദ്ദേഹത്തെ രക്ഷിക്കാൻ പിന്നാലെ ചാടി.
വത്സലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കിണറ്റിലിറങ്ങി ഏണി വച്ച് വത്സലയെ കിണറിനു പുറത്തെത്തിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്രതാപനായി നാട്ടുക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കിണറ്റിൽ അഞ്ചു തൊട്ടിയോളം വെള്ളം ഉണ്ടായിരുന്നതും കിണർ വലിയ രീതിയിൽ അടിഭാഗം മണ്ണിടിഞ്ഞ് വശങ്ങളിലേക്ക് ഗർത്തം രൂപപ്പെട്ടതും രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി.
അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി 9ന് ശേഷമാണ്  പ്രതാപന്റെ മൃതദേഹം പുറത്തെടുക്കാനായത്. കിണറിന്റെ അടിഭാഗത്ത് മണ്ണിടിഞ്ഞ ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു  മൃതദേഹം. ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *