അഞ്ചു മിനിറ്റില്‍ അക്കൗണ്ട് തുറക്കാം, സ്വിഫ്റ്റ്ഇ ആപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: തടസ്സങ്ങളില്ലാതെ അതിവേഗം പുതിയ അക്കൗണ്ട് തുറക്കാനുള്ള സൗകര്യവുമായി എസ്‌ഐബി സ്വിഫ്റ്റ്ഇ എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. പേപ്പര്‍ വര്‍ക്കുകളൊന്നുമില്ലാതെ എല്ലാ നടപടികളും വെറും അഞ്ചു മിനിറ്റില്‍ പൂര്‍ത്തിയാക്കി സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് ഉപഭോക്താക്കള്‍ക്ക് സ്വിഫ്റ്റ്ഇ ഒരുക്കുന്നത്. ഒരു ആന്‍ഡ്രോയ്ഡ് ഫോണും ബയോമെട്രിക് ഉപകരണവും ഉണ്ടെങ്കില്‍ ഒരു ബാങ്ക് ശാഖയിലെന്ന പോലെ സ്വന്തം വീട്ടിലിരുന്നും ഇനി സ്വിഫ്റ്റ്ഇ മുഖേന പുതിയ അക്കൗണ്ട് തുറക്കാം. ഉപഭോക്താക്കള്‍ക്ക് സ്വിഫ്റ്റ്ഇ വഴി പേപ്പര്‍ രഹിത കെവൈസിയും അനായാസം പൂര്‍ത്തിയാക്കാം.
യൂസര്‍ ഫ്രണ്ട്‌ലി ഇന്റര്‍ഫേസും ഉപഭോക്താക്കള്‍ക്കും ബാങ്ക് പ്രതിനിധികള്‍ക്കും വേഗത്തില്‍ മനസ്സിലാക്കാവുന്ന വ്യക്തമായ നിര്‍ദേശങ്ങളും നടപടിക്രമങ്ങളുമാണ് ഈ ആപ്പിന്റെ സവിശേഷത. ആധാറോ പാന്‍ കാര്‍ഡോ ഉള്ള, 18 വയസ്സിനു മുകളില്‍ പ്രായമുള്ള, ആദ്യമായി അക്കൗണ്ട് തുറക്കാനിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.
സേവനങ്ങളിലെല്ലാം നൂതന സാങ്കേതികവിദ്യകള്‍ ഇണക്കിച്ചേര്‍ക്കുന്ന ഞങ്ങളുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇവിപിയും ചീഫ് ബിസിനസ് ഓഫീസറുമായ തോമസ് ജോസഫ് കെ പറഞ്ഞു. “ഉപഭോക്താക്കള്‍ക്ക് സമഗ്രമായ ഒരു ഡിജിറ്റല്‍ ബാങ്കിങ് അനുഭവം നല്‍കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് മറ്റൊരു തെളിവാണിത്. അക്കൗണ്ട് തുറക്കല്‍ ആയാസരഹിതമാക്കാനും ഉപഭോക്തൃ അടിത്തറ കൂടുതല്‍ വിശാലമാക്കാനും ഇതു സഹായിക്കും. ഇത് ഡിജിറ്റല്‍ സൗകര്യങ്ങളോട് ഉപഭോക്താക്കള്‍ക്കുള്ള ആവേശം വര്‍ധിപ്പിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റി അവരെ തൃപ്തരാക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *