പാലക്കാട് – സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ കേസ് എടുക്കില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിൽ സി.പി.എമ്മിനെന്നും ഒരേ നയമാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിൽ ഏഷ്യാനെറ്റ് ലേഖികക്കെതിരായ പോലീസ് കേസ് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.
മറ്റെന്തെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തിലാകാം മാധ്യമപ്രവർത്തകക്ക് എതിരെ കേസ് എടുത്തത്. കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ട് ഇ.എം.എസ് സ്മൃതി ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു കാരാട്ട്.
അതേസമയം, കേരളത്തിലെ കേസിനോട് പ്രതികരിച്ചില്ലെങ്കിലും, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാവില്ലെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. കർഷക സമര കാലത്ത് മോഡി സർക്കാറിൽനിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റർ മുൻ സി.ഇ.ഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലുകളോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
മോഡി സർക്കാർ, മാധ്യമങ്ങളെ ക്രൂരമായയാണ് കൈകാര്യം ചെയ്യുന്നത്. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയും ചെയ്യുന്നു. മോഡി സർക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാനാവില്ല. ഐതിഹാസികമായ കർഷകസമരത്തെ ലാത്തിചാർജിലൂടെയും ജലപീരങ്കി ഉപയോഗിച്ചുമാണ് മോഡി ഭരണകൂടം നേരിട്ടത്. 750 പേർ രക്തസാക്ഷികളായി. ഒടുവിൽ മോഡിക്ക് പിൻവാങ്ങേണ്ടി വന്നുവെന്നും യെച്ചൂരി ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തിനായുള്ള കേന്ദ്രസർക്കാറിനെതിരായ യെച്ചൂരിയുടെ ഈ നിലപാട് കേരളത്തിനും ബാധകമാണോയെന്ന് ഇതേ തുടർന്ന് വ്യാപകമായ ചോദ്യങ്ങളുയർന്നിരുന്നു. ‘മിസ്റ്റർ യെച്ചൂരി, സഖാവ് പിണറായിക്കും സർക്കാരിനും ഇതൊക്കെ ബാധകമാണോ?’ എന്ന് യെച്ചൂരിയുടെ ട്വീറ്റ് പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചിരുന്നു. ഇതിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പിന്തുണ ലഭിച്ചെങ്കിലും കേരള സർക്കാറിന്റെ മാധ്യമങ്ങൾക്കെതിരായ നിലപാടിൽ പരസ്യമായ പ്രതികരണത്തിന് ഇതുവരെയും സി.പി.എം കേന്ദ്ര നേതാക്കൾ തയ്യാറായിട്ടില്ല.
2023 June 14IndiaPrakash Karat reacts in kerala Journalists casepalakkadasisanet reporter casekerala policecpmtitle_en: Prakash Karat reacts in kerala Journalists case