കോഴിക്കോട്- സേവന സന്നദ്ധത നമ്മുടെ നിത്യ ജീവിതത്തിലെ പ്രധാന ഘടകമാവണമെന്നും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ജീവിതത്തിന്റെ തനതായ സന്തോഷം കണ്ടെത്താൻ കഴിയുമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് വെച്ചുനടന്ന മുസ്‌ലിം യൂത്ത് ലീഗ് സേവന സന്നദ്ധ വിഭാഗമായ വൈറ്റ് ഗാർഡിന്റെ പുതിയ സംസ്ഥാന ക്യാപ്റ്റൻമാരുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുവാക്കളുടെ സേവന തൽപരതക്ക് പുതിയ രീതിയും ഭാവവും സ്വീകാര്യതയും നൽകിയ സംവിധാനമാണ് വൈറ്റ് ഗാർഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാരോഹണത്തിന്റെ ഭാഗമായി യൂനിഫോം ക്യാപ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി. നെയിം ബോർഡ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും, ബാഡ്ജ് സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഓർഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങളും കൈമാറി. പുതിയ ക്യാപ്റ്റൻ സിറാജ് പറമ്പിൽ വൈസ് ക്യാപ്റ്റന്മാരായ ഷഫീഖ് കടമേരി, സയീദ് പന്നിയൂർ എന്നിവർ ഏറ്റുവാങ്ങി. മുസ്‌ലിം യൂത്ത് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, സെക്രട്ടറി ടി.പി.എം. ജിഷാൻ, ജില്ല കോ-ഓർഡിനേറ്റർമാരായ ഗുലാം ഹസ്സൻ ആലംഗീർ, എ. സിജിത്ത് ഖാൻ, അലി മംഗര, നൗഫൽ കളത്തിൽ, പി.എ. ശിഹാബ്, മുൻ ക്യാപ്റ്റൻ ഷഫീഖ് വാച്ചാൽ, വൈസ് ക്യാപ്റ്റൻ കെ.കെ. ബദറുദ്ദീൻ പ്രസംഗിച്ചു.
2023 June 13Keralatitle_en: muslim league white guard