പൊന്നാനി: ആറാം നൂറ്റാണ്ടിൽ സ്ഥാപിതമായ പൊന്നാനിയിലെ “മിസ്‌രി പള്ളി” (ഈജിപ്ഷ്യൻ പള്ളി) സംസ്ഥാന ടൂറിസം വകുപ്പ് നവീകരിച്ച ശേഷം പ്രാർത്ഥനക്കായി തുറന്ന് കൊടുത്തു. സ്ഥലം മുൻ എം എൽ എ യും നിയമസഭാ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള മുസിരിസ് പൈതൃക പദ്ധ്വതിയിൽ ഉൾപ്പെടുത്തിയതോടെയാണ് മിസ്‌രി പള്ളിയിൽ ടൂറിസം വകുപ്പ് എത്തുന്നത്. 85 ലക്ഷം ചിലവിട്ടാണ് പുനരുദ്ധാരണം പൂർത്തീകരിച്ചത്.
പള്ളി അങ്കണത്തിൽ നടന്ന പരിപാടിയിൽ വെച്ച് സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു. സ്ഥലം നിയമസഭാംഗം പി നന്ദകുമാർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ, പ്രഫ. കെ ഇമ്പിച്ചികോയ തങ്ങൾ, ചരിത്രകാരൻ ടി വി അബ്ദുറഹ്മാൻകുട്ടി, വാർഡ് കൗൺസിലർ ഷബീറാബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സെയ്ദ് മുഹമ്മദ് തങ്ങൾ, അഷ്റഫ് കോക്കൂർ, പി രാജൻ, പി വി ഫാറൂഖ് എന്നിവർ സംസാരിച്ചു. ടൂറിസം ഡയറക്ടർ പി ബി നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം സ്വാഗതവും മുസിരിസ് പ്രൊജക്ട്സ് എം ഡി ഡോ. കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.
സാമൂതിരിമാരുടെ നാവിക കേന്ദ്രമായിരുന്ന പൊന്നാനിയിൽ പോർച്ചുഗീസ്കാർക്കെതിരെ പട നയിച്ചിരുന്ന സാമൂതിരി – കുഞ്ഞാലി മരക്കാർ വിഭാഗത്തെ സഹായിക്കാൻ ഈജിപ്തിൽ നിന്നെത്തിയ യോദ്ധാക്കൾക്ക് വേണ്ടി നിർമ്മിതമായതായിരുന്നു “ഈജിപ്ഷ്യൻ” അഥവാ “മിസ്‌രി” പള്ളി. മിസ്ർ എന്നാൽ അറബിയിൽ ഈജിപ്ത്. പൊന്നാനിയിലെ വിശ്വപ്രസിദ്ധമായ പണ്ഡിത ശ്രേഷ്ടൻ ശൈഖ് സൈനുദ്ധീൻ മഖദൂം നടത്തിയ അഭ്യർത്ഥന പ്രകാരമായിരുന്നു പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാനായി ഈജിപ്ഷ്യൻ പടയാളികളുടെ ആഗമനം.
അതേസമയം ഇരു നിലകളുള്ള പള്ളിയുടെ തട്ടുകളുടെ നടുവിലെ മതിലിൽ നിറഞ്ഞു നിൽക്കുന്ന “കുരിശ് രൂപം” പ്രദേശവാസികളുടെ വിമർശനത്തിനും വീക്ഷണ വിവാദങ്ങൾക്കും ഇടയാക്കി. വാതിലും ജലാലുകളും ചേർന്ന് ആദ്യമേ കുരിശ് ആകൃതിയിലാണെന്നു പുതിയ രൂപകല്പനയെ ന്യാകീകരിക്കുന്നവർ പറയുമ്പോൾ ഒറ്റനോട്ടത്തിൽ തന്നെ വേറിട്ട് കാണുന്ന പുതിയ രൂപം ചൂണ്ടികാട്ടുകയാണ് പുതിയ രൂപകൽപ്പനയെ എതിർക്കുന്നവർ.