ലുക്ക് കണ്ടാൽ വളരെ പരുക്കനാണെന്നു തോന്നും, പക്ഷെ സാധുവായിരുന്നു; കസാന്‍ ഖാനെ ഓര്‍മിച്ച് ജോണി ആന്‍റണി

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കസാന്‍ ഖാന്‍ ഈയിടെയാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന കസാന്‍ കാണുമ്പോള്‍ പരുക്കനെന്ന് തോന്നുമെങ്കിലും ഒരു സാധുവായിരുന്നെന്ന് ഓര്‍മിക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്‍റണി. വില്ലന്‍ അല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ കാസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം തന്നോട് എപ്പോഴും പറയുമായിരുന്നുവെന്ന് ജോണി പറയുന്നു.
ജോണി ആന്‍റണിയുടെ വാക്കുകള്‍
‘‘അച്ചടക്കമുള്ള താരമായിരുന്നു കസാൻ ഖാൻ. പുറത്തുനിന്നു വരുന്ന താരമായതുകൊണ്ട് അദ്ദേഹത്തിന്‍റെ ലുക്ക് കണ്ടാൽ വളരെ പരുക്കനാണെന്നു തോന്നും. പക്ഷേ സാധുവാണെന്ന് അടുത്തറിഞ്ഞാൽ മാത്രമേ മനസ്സിലാകൂ. ബോംബെയിൽ നിന്ന് വരുന്ന വില്ലൻ, ബോംബ് വയ്ക്കുന്ന വില്ലൻ എന്ന തരത്തിലുള്ള വേഷങ്ങളിൽ അല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ കാസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം എന്നോട് എപ്പോഴും പറയുമായിരുന്നു. പക്ഷേ ഞാൻ പറയും, ‘‘നിങ്ങളുടെ ലുക്ക് ഇതല്ലേ. നിങ്ങളെ പിടിച്ച് നമ്മുടെ നാട്ടിലെ ഒരു റബർ വെട്ടുകാരനോ തെങ്ങുകയറ്റക്കാരനോ ചായക്കടക്കാരനോ ആക്കാൻ പറ്റില്ലല്ലോ’’ എന്ന്. പിന്നീട് എന്നെ കാണുമ്പോൾ അദ്ദേഹം പറയും ‘റബർ വെട്ടുകാരൻ’. ഭാഷ അറിയില്ലെങ്കിലും അദ്ദേഹത്തിന് കാര്യം മനസ്സിലായി.
സിഐഡി മൂസ’യിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തെ ഓടിച്ച് കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കയറ്റുന്ന സീൻ ഉണ്ട്. അവിടെനിന്ന് അടിച്ചു താഴെ ഇട്ടിട്ട് സ്റ്റേഷനിൽ കൊണ്ട് വന്നിട്ടാണ് ഓടി രക്ഷപെടാൻ പറയുകയും വെടിവച്ചു കൊല്ലുകയും ചെയ്യുന്നത്. അതൊക്കെ ഒറ്റ ഷോട്ടിൽ ആണ് എടുത്തത്. നന്നായി സഹകരിക്കുന്ന ആക്ടർ ആയതുകൊണ്ടാണ് അതൊക്കെ സാധിച്ചത്. സംവിധായകന് പറ്റിയ താരമായിരുന്നു അദ്ദേഹം. കിട്ടുന്ന റോൾ വളരെ രസകരമായി ചെയ്യും. ഫൈറ്റ് ഒക്കെ ചെയ്യുമ്പോൾ നല്ല ടൈമിങ് ആയിരുന്നു. അഭിനയിച്ചിട്ട് പോയി കുറച്ചു നാൾ കഴിഞ്ഞ് പിന്നെയും എന്നെ വിളിച്ചിരുന്നു. അൻപത്തിയഞ്ചിൽ താഴേ പ്രായമേ അദ്ദേഹത്തിന് ഉണ്ടാകൂ. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. വളരെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. പ്രിയ സുഹൃത്തിന് വിട. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു’’. –ജോണി ആന്‍റണി  പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *