കൊച്ചി: ലിവിംഗ് ടുഗദർ പങ്കാളികൾക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമോ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുതയുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാകില്ലെന്നും ബെഞ്ച് വിലയിരുത്തി. 2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവർ നിമയപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തിയ കുടുംബകോടതി വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ചു. തുടർന്ന് ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
മുൻപ് ലിവിംഗ് ടുഗദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി നിയമങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഹർജിയെ ‘ഹേർബ്രെയിന്‌ഡ് ഐഡിയ’ (വിഡ്ഢിത്തം) എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹർജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിംഗ് ടുഗദർ ബന്ധങ്ങളും നിർബന്ധിതമായും രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് പൊതുതാത്പര്യ ഹർജി നൽകിയത്.
