ഡൽഹി: മന്ത്രിമാരായി തിളങ്ങിയ രാജ്യസഭാ എംപിമാരെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കാൻ പദ്ധതിയുമായി ബിജെപി. നിർമലാ സീതാരാമൻ, എസ്.ജയശങ്കർ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ് തുടങ്ങിയവരുടെ പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുൻ എംപിയുമായ എ.പി.അബ്ദുല്ലക്കുട്ടി തുടങ്ങിയവരുടെ പേരുകളും അഭ്യൂഹങ്ങളിലുണ്ട്. മൻസൂഖ് മാണ്ഡവ്യ, അശ്വിന് വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും സ്ഥാനാർഥികളാകും.
മുഖ്യമന്ത്രിമാരുമായും സംസ്ഥാന അധ്യക്ഷന്മാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുമായും ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയിരുന്നു.
മുതിർന്ന മന്ത്രിമാർ, സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നവർ, രണ്ടു തവണയില്‍ കൂടുതൽ രാജ്യസഭാംഗമായിട്ടുള്ളവർ എന്നിവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണു തീരുമാനം. സംഘടനയിൽ വിവിധ ചുമതലകൾ വഹിക്കുന്നവർ, വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാർ തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.