കുട്ടികളുടെ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും അച്ഛനും അമ്മയ്ക്കും തുല്യ പങ്കാണ്. അച്ഛൻ എല്ലായിപ്പോഴും കുട്ടികൾക്ക് കരുതലിന്റെ നേർസാക്ഷ്യമാണ്. സുരക്ഷിതത്വം നൽകുന്നതോടൊപ്പം പുതിയ കാലത്തെ അച്ഛൻമാർ കുട്ടികളുടെ കൂട്ടുകാർ കൂടിയാണ്. സ്നേഹവും സൗഹൃദവും ഇടകലർത്തിയാണ് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടികൾക്ക് നല്ല കാര്യങ്ങൾ പകരുന്നത്.
കുഞ്ഞു നാളിൽ കൈ പിടിച്ചു നടക്കാൻ പഠിപ്പിച്ച അച്ഛൻ തന്നെയാണ് ജീവിത യാത്രയിലും മക്കളുടെ നല്ല നടപ്പിനായി നിലകൊള്ളുന്നത്. അച്ഛൻ എന്ന മഹത്തായ സ്ഥാനത്തോടുള്ള ബഹുമാന സൂചകമായാണ് എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ്ഡേ ആഘോഷിക്കുന്നത്.
അമേരിക്കയിലാണ് ഫാദേഴ്സ് ഡേ എന്ന ആശയം ആദ്യമുയർന്നത്. സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വലർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലെത്തിച്ചത്.
1909 ൽ ചർച്ചിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്കുണ്ടായത്. ആ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ ആണ്.
1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വിത്സൻ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകിയത്. പിന്നീട് 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുകയാണ്.
ജര്‍മ്മനിയില്‍, ഫാദേഴ്‌സ് ഡേ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഘോഷിക്കുന്നു. വാഗണ്‍ ബിയര്‍ കുടിച്ച് സാധാരണ നാടന്‍ ഭക്ഷണം കഴിച്ച് കൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ പൊലീസും അടിയന്തര സേവനങ്ങളും അതീവ ജാഗ്രത പുലര്‍ത്തുന്നു.
ഈ ദിനത്തില്‍ കാലങ്ങളായി അച്ഛന് വെള്ള അല്ലെങ്കില്‍ ചുവപ്പ് റോസാപ്പൂക്കള്‍ നല്‍കി വരുന്നുണ്ട്. ഫാദേഴ്‌സ് ഡേയുടെ ഔദ്യോഗിക പുഷ്പമാണ് റോസ്. ചുവന്ന റോസ് നല്‍കുന്നത് പിതാവിന്റെ ആയുസ്സിനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നാല്‍ വെള്ള റോസ് ആണെങ്കില്‍ അത് മരിച്ച പിതാവിന്റെ ശാന്തിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് പറയുന്നത്.
അതിശയകരമെന്നു പറയട്ടെ ഏറ്റവും ജനപ്രിയമായ ഫാദേഴ്‌സ് ഡേ സമ്മാനം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് യഥാര്‍ത്ഥത്തില്‍ ഒരു ടൈയാണ്. ടൈ നല്‍കുന്നത് ഫാദേഴ്‌സ് ഡേയില്‍ മികച്ച സമ്മാനമായി കണക്കാക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ച ലോക റെക്കോര്‍ഡ് 69 കുട്ടികള്‍ ആണ്. മോസ്‌കോയില്‍ നിന്നുള്ള ഒരു കര്‍ഷകനായ ഫിയോഡര്‍ വാസിലിയേവിന്റെ (1707-1782) ആദ്യ ഭാര്യയിലാണ് ഇത്രയും കുട്ടികള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ 16 ജോഡി ഇരട്ടകള്‍ക്കും പിന്നീട്, ഏഴ് സെറ്റ് ട്രിപ്പിള്‍സ്, നാല് സെറ്റ് ക്വാഡ്രപ്ലെറ്റുകള്‍ എന്നിവര്‍ക്കും ജന്മം നല്‍കി.
അച്ഛനെ ഡാഡി എന്ന് വിളിക്കുന്ന ഒരു സമ്പദായം നമുക്കിടയിലും ഉണ്ട്. എന്നാല്‍ ഡാഡി എന്ന വാക്ക് പതിനാറാം നൂറ്റാണ്ടിലേതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. കുഞ്ഞുങ്ങള്‍ ഉച്ചരിച്ച് ഉച്ചരിച്ച് ആദ്യം വന്ന ആദ്യത്തെ അക്ഷരങ്ങളില്‍ നിന്നാണ് ഡാഡി എന്ന വാക്ക് വന്നത്.
തായ്ലന്‍ഡില്‍, പിതാവിന്റെ ദിനം രാജാവിന്റെ ജന്മദിനമായി ആഘോഷിച്ചിരുന്നു. നിലവിലെ രാജാവായ ഭൂമിബോള്‍ അദുല്യാദേജിന്റെ (രാമ ഒന്‍പത്) ജന്മദിനമാണ് ഈ ദിനമായി ആഘോഷിക്കുന്നത്.
