ദൃശ്യം പോലെ ഭാഷാതീതമായി ജനപ്രീതി നേടിയ ഒരു ഫ്രാഞ്ചൈസി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊന്നില്ല. 2013 ക്രിസ്മസിന് കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തുമ്പോള്‍ ജീത്തു ജോസഫോ മോഹന്‍ലാലോ സിനിമാപ്രേമികളോ കരുതിയിരുന്നില്ല ചിത്രം ഒരു കള്‍ട്ട് ആയി മാറുമെന്ന്. പക്ഷേ അത് സംഭവിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട് അവിടങ്ങളിലെല്ലാം വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം 2021 ഫെബ്രുവരിയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്.

ആദ്യ ഭാ​ഗത്തിന് സമാനമായി തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം 2 അവിടങ്ങളിലെല്ലാം ശ്രദ്ധ നേടി. അജയ് ദേവ്​ഗണ് നായകനായ ഹിന്ദി പതിപ്പ് 2022 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ഭാഷാ അതിരുകള്‍ക്കപ്പുറത്തുള്ള ദൃശ്യം ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തുന്നു. ദൃശ്യത്തിന്‍റെ മൂന്നാമത്തേതും അവസാനത്തേതുമായ ഭാ​ഗം അണിയറയില്‍ ഒരുങ്ങാനിരിക്കുന്നു എന്നതാണ് അത്.
ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളുമാണ് മൂന്നാം ഭാ​ഗത്തിന്‍റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്ടമായെന്നും ഇതിനെ മുന്‍നിര്‍ത്തി ജീത്തു ജോസഫ് ചിത്രത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷിക്കപ്പെടുന്നതുപോലെ പ്രോജക്റ്റ് യാഥാര്‍ഥ്യമാവുന്നപക്ഷം ഹിന്ദി, മലയാളം പതിപ്പുകള്‍ ഒരുമിച്ച്, ഒരേ ദിവസം തിയറ്ററുകളില്‍ എത്തിക്കാനാണ് കൂട്ടായ തീരുമാനമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ഉണ്ട്.
കേരളത്തില്‍ മലയാളം പതിപ്പും കേരളത്തിന് പുറത്ത് ഹിന്ദി പതിപ്പുമാവും റിലീസ് ചെയ്യുക. ഭാഷാതീതമായി വലിയ കാത്തിരിപ്പ് ഉയര്‍ത്തുന്ന പ്രോജക്റ്റ് എന്ന നിലയില്‍ സ്പോയ്ലര്‍ ഒഴിവാക്കാനാണ് ഒരേ ദിവസം റിലീസ് പ്ലാന്‍ ചെയ്യുന്നത്. അതേസമയം ദൃശ്യം തെലുങ്ക്  ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കളും ഈ പ്രോജക്റ്റിലേക്ക് എത്താനുള്ള സാധ്യതയും നിലവിലുണ്ട്. അങ്ങനെയെങ്കില്‍ തെലുങ്ക് പതിപ്പും ഒരുമിച്ച് ഇറങ്ങും. തിരക്കഥ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ എന്ന് എത്തുമെന്ന് പറയാറായിട്ടില്ലെങ്കിലും 2024 ല്‍ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *