കോട്ടയം: ജില്ലയിലെ കോണ്‍ഗ്രസില്‍ പുതിയ വിവാദമായി കെപിസിസി ജനറല്‍ സെക്രട്ടറിയുടെ മൊബൈല്‍ വാള്‍പേപ്പര്‍. മുതിര്‍ന്ന നേതാവ് ചെഗുവേരയുടെ ചിത്രം വാള്‍പേപ്പറാക്കിയതാണ് വിവാദമായത്. കോണ്‍ഗ്രസ് നേതാവ് ചെഗുവേരയുടെ ചിത്രം വാള്‍പേപ്പറാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങിനിടെയാണ് ജില്ലയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റിയന്റെ മൊബൈലിലെ വാള്‍പേപ്പര്‍ ഒരു പ്രമുഖ ദിനപത്രം ചിത്രമാക്കിയത്. ചിത്രം പത്രത്തില്‍ അച്ചടിച്ചു വന്നതോടെ പല നേതാക്കളും രഹസ്യമായി വിഷയത്തില്‍ പ്രതികരിച്ചു.
ഡിസിസി സെക്രട്ടറി മുരളി ഓണംതുരുത്ത് വിഷയം സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഉന്നയിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നടപടി ഗാന്ധിനിന്ദയും കോണ്‍ഗ്രസ് നിന്ദയുമാണെന്നാണ് ഡിസിസി ഭാരവാഹി പറയുന്നത്.
മഹാത്മാഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെ ആയിരക്കണക്കിന് നേതാക്കളുള്ള കോണ്‍ഗ്രസില്‍ ആ നേതാക്കന്മാരെയെല്ലാം മാറ്റി നിര്‍ത്തി തന്റെ ഫോണില്‍ ചെഗുവേരെയുടെ ഫോട്ടോ വച്ചയാള്‍ എങ്ങിനെയാണ് ഇതിനെ ന്യായീകരിക്കുന്നതെന്നും മുരളി തന്റെ പോസ്റ്റില്‍ ചോദിക്കുന്നു.
കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിന്റെ നേര്‍ വിരുദ്ധമായ – ഹിംസക്ക് ആഹ്വാനം നല്‍കുന്ന കാലഹരണപ്പെട്ടു പോയ പ്രത്യയശാസ്ത്രത്തിന്റെ വ്യക്താവായ ചെഗുവേരെയെ ആരാധിക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണമെന്നും മുരളി ആവശ്യപ്പെടുന്നു. ഇവര്‍ക്ക് വേണ്ടത് സിപിഎമ്മിന്റെ കയ്യടികളാണെന്നും അദ്ദേഹം എഴുതുന്നു.
മുരളി ഓണം തുരുത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ :
അഹിംസ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായി മാറ്റിയ ലോകത്തെ ആദ്യത്തെ രാഷ്ട്രീയപാര്‍ട്ടിയിലൊന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് . അഹിംസയില്‍ അടിയുറച്ച വിശ്വസമുണ്ടായിരുന്ന ഗാന്ധിജിയുടെ നിലപാടാണ് ഇതിനു കാരണം.
ചെഗുവേര……….മനുഷ്യ രക്തത്തിന്റെ ഗന്ധം എന്നെ മത്തുപിടിക്കുന്നു – എനിക്ക് അത് ആവേശം പകരുന്നു എന്ന് വിശ്വസിക്കുന്ന നേതാവാണ്. അശാസ്ത്രീയമായ പ്രത്യയശാസ്ത്രത്തിന്റെ , രക്തരൂക്ഷിത വിപ്ലവത്തിന്റെ പ്രതിരൂപമായ മദോന്മത്തനായ ചെഗുവേരെയുടെ ഫോട്ടോയാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതാവിന്റെ ഫോണിന്റെ വാള്‍ പേപ്പര്‍.
ഇത് ഒന്നാമതായി ഗാന്ധി നിന്ദയും, രണ്ടാമതായി കോണ്‍ഗ്രസ് നിന്ദയുമാണ്. മഹാത്മാ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെ ആയിരക്കണക്കിന് നേതാക്കളുള്ള കോണ്‍ഗ്രസില്‍ ആ നേതാക്കന്മാരെയെല്ലാം മാറ്റി നിര്‍ത്തി തന്റെ ഫോണില്‍ ചെഗുവേരെയുടെ ഫോട്ടോവച്ചയാള്‍ എങ്ങിനെയാണ് ഇതിനെ ന്യായീകരിക്കുന്നത്?
കേരളത്തില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഉപയോഗിക്കുന്നത് ചുണ്ടില്‍ ചുരുട്ടുമായിരിക്കുന്ന ചെഗുവേരെയുടെ ചിത്രമാണ്. ലോക നേതാക്കളായി മാറിയ കോണ്‍ഗ്രസ് നേതാക്കളോട്, കോണ്‍സിന്റെ പ്രത്യയ ശാസ്ത്രത്തോട് എന്താണ് ഈ കെ പി സി സി നേതാവിന്റെ മനോഭാവം ?
ചെഗുവേരയെന്ന കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് എന്ത് ആവേശമാണ്, എന്ത് സന്ദേശമാണ് പകര്‍ന്നു കിട്ടിയത് ? കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിന്റെ നേര്‍ വിരുദ്ധമായ – ഹിംസക്ക് ആഹ്വാനം നല്‍കുന്ന കാലഹരണപ്പെട്ടു പോയ പ്രത്യയശാസ്ത്രത്തിന്റെ , വ്യക്താവായ ചെഗുവേരെയെ ആരാധിക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണം. ഇവര്‍ക്ക് വേണ്ടത് സിപിഎമ്മിന്റെ കയ്യടികളാണ്.
രാഷ്ട്രീയം പ്രത്യയശാസ്ത്രത്തിന്റെ ആവേശമാകണം. കോണ്‍ഗ്രസ് ഒരു വികാരമാണ് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ വികാരം . അത് മനസ്സിലാക്കാതെ കാലക്ഷേപത്തിനായി പാര്‍ട്ടിയില്‍ എത്തിപ്പെടുന്നവരാണ് കോണ്‍ഗ്രസിന്റെ തീരാ ശാപം.