ശബരിമല; മിഥുനമാസ പൂജകൾക്കായി ശബരിമല തുറക്കാനിരിക്കെ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ജൂൺ 15 മുതൽ 20 വരെയാണ് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുക. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് പമ്പയിലേക്കുള്ള പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ശബരിമലയിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രധാന ഗതാഗത മാർഗ്ഗമാണ് കെഎസ്ആർടിസി.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നും സർവീസുകൾ ക്രമീകരിക്കാനുള്ള സംവിധാനവും കെഎസ്ആർടിസി ഒരുക്കുന്നതാണ്. ഒരാഴ്ച മുമ്പ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. തീർത്ഥാടകരുടെ സൗകര്യാർത്ഥം സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസിയും പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ കെഎസ്ആർടിസി പുറത്തുവിട്ടിട്ടുണ്ട്. വിവിധ ഡിപ്പോകളിലെ നമ്പറുകൾ അറിയാം.
