റിയാദ് – സൗദിയിൽ പകൽ താപനില വർധിച്ച സാഹചര്യത്തിൽ മധ്യാഹ്ന വിശ്രമ നിയമം മറ്റന്നാൾ മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ നിയമം നിലവിലുണ്ടാവും. ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസം വിലക്കുണ്ടാകും.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉൽപാദനക്ഷമത ഉയർത്താനുമാണ് മാനുഷിക പരിഗണനയിലൂന്നിയ മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. സൂര്യാഘാതം, ചൂടുമൂലമുള്ള ക്ഷീണം എന്നിവയിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാൻ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളിൽനിന്ന് തൊഴിലാളികളെ അകറ്റിനിർത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സമയം സ്വകാര്യ സ്ഥാപനങ്ങൾ ക്രമീകരിക്കുകയാണ് വേണ്ടത്.
അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽനിന്ന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിയമത്തിൽ വകുപ്പുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് മൂവായിരം റിയാൽ തോതിൽ പിഴ ചുമത്താൻ നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയും അറിയിക്കാവുന്നതാണ്.
2023 June 13Saudititle_en: The mid-day rest rule will come into force from the next day

By admin

Leave a Reply

Your email address will not be published. Required fields are marked *