പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടിയായി മന്ത്രിയുടെ രാജി പ്രഖ്യാപനം. ഘടക കക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയിലെ പട്ടിക ജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രി സന്തോഷ് കുമാർ സുമൻ ആണ് രാജി വെച്ചത്.
എന്നാൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ നിന്നും വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ മകനാണ് സന്തോഷ്.
ഹിന്ദുസ്ഥാനി അവാം മോർച്ചയെ (എച്ച്എഎം) ജനതാദളിൽ (യു) ലയിക്കാൻ നിതീഷ് കുമാർ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് രാജിയെന്നാണ് സന്തോഷ് കുമാർ സുമന്റെ വെളിപ്പെടുത്തൽ.
പട്നയിൽ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനു എച്ച്എഎമ്മിനു ക്ഷണം ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എച്ച്എഎമ്മിന്റെ നിലനിൽപിനു വേണ്ടിയാണു രാജി.
ആർജെഡി – ജെഡിയു കക്ഷികൾക്ക് എതിർപ്പില്ലെങ്കിൽ എച്ച്എഎം മഹാസഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എച്ച്എഎമ്മിനു നാല് എംഎൽഎമാരാണുള്ളത്.
”ഞങ്ങളുടെ പാർട്ടിയുടെ നിലനിൽപ് ഭീഷണിയിലാണ്. പാർട്ടിയെ സംരക്ഷിക്കാനാണ് രാജി.”-സന്തോഷ് കുമാർ പറഞ്ഞു. ”ഞങ്ങളെ പ്രതിപക്ഷ സമ്മേളനത്തിന് ക്ഷണിച്ചിട്ടില്ല. ഒരു പാർട്ടിയായി പോലും അംഗീകരിച്ചിട്ടില്ല.പിന്നെ എങ്ങനെ ക്ഷണിക്കാനാണ്?”-അദ്ദേഹം ചോദിച്ചു.
അതേസമയം, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ അംഗമാകുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ഞങ്ങളുടെത് സ്വതന്ത്ര പാർട്ടിയാണെന്നും സന്തോഷ് കുമാർ സുമൻ കൂട്ടിച്ചേർത്തു.
ദളിത് വോട്ട് ബാങ്കുള്ള പാർട്ടി സഖ്യം വിട്ടാൽ നിതീഷ് കുമാറിന്റെ മഹാസഖ്യത്തിന് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.