തിരുവനന്തപുരം: കേരള പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സി.പി.ഐ.എം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പൊലീസ് അധപതിച്ചുവെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്നൊരു കാലമുണ്ടായിട്ടില്ല. യഥാർത്ഥ കുറ്റവാളികൾക്ക് പൊലീസ് കുടപിടിച്ച് കൊടുക്കുകയാണ്. പ്രതികളെല്ലാം നടുറോഡിൽ കയ്യും വീശി നടക്കുമ്പോൾ കൈകാലുകളിൽ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സി.പി.എം നേതാക്കളിൽ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പൊലീസ് അധഃപതിച്ചു.
ഏഴു വർഷങ്ങൾക്കു മുമ്പ് ക്രമസമാധാന പാലനത്തിലും കാര്യക്ഷമതയിലും ലോകത്തിനു മാതൃകയായിരുന്നു കേരള പോലീസ്. എന്നാൽ ഇന്ന് പോലീസ് സേന അടിമുടി അടിമവത്ക്കരിക്കപ്പെട്ടു. കേരള ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര മന്ത്രി ആരെന്ന് ചോദിച്ചാൽ, സിപിഎമ്മുകാർക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.
വഴിവക്കിൽ നിൽക്കുന്നവന്റെ മുഖത്തടിക്കുന്നത് മുതൽ ജനപ്രതിനിധികൾക്കെതിരെ കള്ളക്കേസെടുക്കുന്നതു വരെ നീളുന്നു പോലീസിന്റെ പരാക്രമങ്ങൾ. നിയമപാലകൻ ക്രിമിനലും ക്രിമിനലുകളുടെ സുഹൃത്തും സംരക്ഷകനും ആകുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? പൊലീസ്-ഗുണ്ടാ ബന്ധം എന്ന പ്രയോഗം മലയാളിക്കിപ്പോൾ അരി – പയർ എന്നൊക്കെ പറയും പോലെ സുപരിചിതമായിരിക്കുന്നു.
പ്രതിപക്ഷ സമരങ്ങളോട് പോലീസ് കാണിക്കുന്ന അസഹിഷ്ണുത പറയാതിരിക്കാനാകില്ല. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ തല അടിച്ചു പൊളിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്? ഏത് നിയമത്തിലാണ് ഇങ്ങനൊരു പ്രതിരോധ രീതിയെ കുറിച്ച് പറയുന്നത്?
രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉണ്ടാകുമ്പോഴാണ് സി.ഐമാരെ സിപിഎം ഏരിയാ സെക്രട്ടറിമാരും എസ്.പിമാരെ ജില്ലാ സെക്രട്ടറിമാരും നിയന്ത്രിക്കുന്നത്. കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ഭരണ പാർട്ടിയുടെ ഓഫീസുകളാകുന്നത്. ഇതേ പൊലീസിനെ വച്ചാണ് ഞങ്ങൾക്കെതിരെ കള്ളക്കേസെടുക്കുന്നത്. ഈ ഉമ്മാക്കികൾ കൊണ്ട് കോൺഗ്രസിനെയോ യു.ഡി.എഫിനെയോ ഭയപ്പെടുത്താനാകില്ല.
ലോകത്തുള്ള എല്ലാത്തിനെയും പേടിച്ചോടുന്ന പിണറായി വിജയൻ നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി കേരള പോലീസ് തരംതാണിരിക്കുന്നു. വഴിയോരത്ത് മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കയറിപ്പിടിച്ച പുരുഷ പോലീസിനെയും ചരിത്രത്തിൽ ആദ്യമായി കേരളം കണ്ടു.
ആൾമാറാട്ടക്കാരനും വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാതാക്കളും പരീക്ഷ എഴുതാതെ ജയിച്ച കുട്ടിസഖാക്കളും പൊലീസിന്റെ മുൻനിര ജേതാക്കളെ പോലെ നടക്കുമ്പോഴാണ് സർക്കാരിന് ഹിതകരമല്ലാത്ത വാർത്ത ചെയ്തത് എന്നതിന്റെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നത്. പൗരാവകാശങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി പുറപ്പുറത്ത് കയറി കൂകുന്നവർ തികഞ്ഞ ഫാസിസ്റ്റുകളായി അധഃപതിച്ചു.
‘ഞങ്ങളെ സംരക്ഷിക്കാനാണ് പൊലീസ്, പക്ഷെ നിങ്ങളിൽ നിന്ന് ഞങ്ങളെ ആര് രക്ഷിക്കും?’ എന്നൊരു ചോദ്യമുണ്ടായാൽ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമം നടപ്പാക്കുമ്പോൾ അതേ നിയമങ്ങൾ പാലിക്കാൻ പോലീസും ബാധ്യസ്ഥരാണെന്നോർക്കുക. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്നുമോർക്കുക.
ഏഴ് വർഷങ്ങൾ കൊണ്ട് കേരള പോലീസിനെ പിണറായി വിജയന്റെ അടിമക്കൂട്ടാക്കി മാറ്റിയതിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
