തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയും തെറ്റായ കാരണം പറഞ്ഞ് ജയിലലടയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിനെ ട്വീറ്റിൽ യെച്ചൂരി വിമർശിച്ചിരുന്നു. ഇത്തരം നടപടികൾ കൊണ്ടൊന്നും സത്യത്തെ മൂടിവയ്ക്കാൻ കഴിയില്ലെന്നും യെച്ചൂരി ട്വീറ്റിൽ എഴുതി.
കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക്ഔട്ട് ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെന്ന മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.
യെച്ചൂരിയുടെ ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും ഇതൊക്കെ ബാധകമാണോ എന്ന ചോദ്യം വി.ഡി. സതീശൻ ഉന്നയിച്ചത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരേ ഉയർന്ന പരീക്ഷ തട്ടിപ്പ് ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരേ കേസെടുത്ത പശ്ചാത്തലത്തിലാണ് സതീശന്റെ ട്വീറ്റ്.
