പല പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലി നമ്മള്‍ കളയാതെ ഉപയോഗിക്കാറുണ്ട്. ഭക്ഷണാവശ്യങ്ങള്‍ക്ക് മാത്രമല്ല, സ്കിൻ കെയര്‍, ക്ലീനിംഗ് പോലുള്ള കാര്യങ്ങള്‍ക്കും ഇവയെല്ലാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ചെറുനാരങ്ങയുടെ തൊലി കൊണ്ട് ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് എടുത്ത് ഇത് ഫ്രഷ് ആയി തന്നെ സലാഡുകളിലും സൂപ്പുകളിലും ഡിസേര്‍ട്ടുകളിലുമെല്ലാം ചേര്‍ക്കാവുന്നതാണ്. ഇത് അതത് വിഭവങ്ങളുടെ ഫ്ളേവറിനെയും രുചിയെയുമെല്ലാം സ്വാധീനിക്കും.
രണ്ട്…
പല വിഭവങ്ങളും തയ്യാറാക്കുമ്പോള്‍ ചെറുനാരങ്ങാത്തൊലി അരച്ചത് അല്‍പം ചേര്‍ക്കാവുന്നതാണ്. വളരെ കുറച്ച് മാത്രമേ ഇത് ചേര്‍ക്കേണ്ടൂ. അച്ചാര്‍, സോസുകള്‍, ഡിപ്പുകള്‍ എന്നിവയിലെല്ലാം ചേര്‍ക്കുന്നതാണ് ഏറ്റവും നല്ലത്.
മൂന്ന്…
സ്പ്രെഡുകള്‍ക്കൊപ്പവും ചെരുനാരങ്ങാത്തൊലി ഉപയോഗിക്കാം. ചെറുനാരങ്ങാ തൊലി- റോസ് മേരി പോലുള്ള ഹെര്‍ബുകള്‍ കൂടി ചേര്‍ത്ത് അരച്ചുവച്ച് എടുത്തുവയ്ക്കുകയാണെങ്കില്‍ ഇത് സ്പ്രെഡുകള്‍ക്കൊപ്പം (ബട്ടര്‍ പോലുള്ള) അല്‍പം തേച്ച് കഴിക്കാവുന്നതാണ്. ഇതും ഫ്ളേവറിന് തന്നെയാണ് ചെയ്യുന്നത്.
നാല്…
ചെറുനാരങ്ങാത്തൊലി ഉണക്കി പൊടിച്ചും എടുത്തുവയ്ക്കാം. ഇത് ഇറച്ചി വിഭവങ്ങളിലോ, ഡിസേര്‍ട്ടുകളിലോ, കോക്ക്‍ടെയിലുകളിലോ എല്ലാം അല്‍പം ചേര്‍ക്കാവുന്നതാണ്.
അഞ്ച്…
ചെറുനാരങ്ങാത്തൊലി ഫ്രഷ് ആയി ചെറുതാക്കി മുറിച്ച് ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അല്‍പം തേനും ഒരു നുള്ള് കറുവപ്പട്ടയും കൂടി ചേര്‍ത്താല്‍ ഏറെ നല്ലത്.
ഗുണങ്ങള്‍…
ചെറുനാരങ്ങാ തൊലി വിവിധ രീതിയില്‍ ഭക്ഷണ-പാനീയങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫ്ളേവറിന് വേണ്ടി മാത്രമാണെന്ന് കരുതരുത്. ഇതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രധാനമായും ഇത് രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ സ്ട്രെസ് അകറ്റുന്നതിനും, എല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും, വായുടെ ആരോഗ്യത്തിനും, ഷുഗര്‍നില നിയന്ത്രിക്കുന്നതിനും ദഹനം എളുപ്പമാക്കുന്നതിനും എല്ലാം ചെരുനാരങ്ങ തൊലി സഹായിക്കുന്നു.