ഗൾഫിലെ മലയാളികൾക്ക് ഇനി കണ്ണടച്ച് തുറക്കും വേഗത്തിൽ നാട്ടിലേക്ക് പണം അയയ്ക്കാം. യു.പി.ഐ സേവനം ഗൾഫിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ. നാട്ടിൽ പരസ്പരം പണമയയ്ക്കുന്ന പോലെ ഗൂഗിൾ പേയിലും ഫോൺപേയിലും പേടിഎമ്മിലുമൊക്കെ ഗൾഫിൽ നിന്ന് പണമൊഴുകും. യു.പി.ഐ സേവനം സ്വീകരിക്കാൻ ബഹ്‍റിനും സൗദിയുമടക്കം ഗൾഫ് രാജ്യങ്ങൾ

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് ഇനി കണ്ണടച്ച് തുറക്കും വേഗത്തിൽ നാട്ടിലേക്ക് പണം അയയ്ക്കാം.
ഇപ്പോഴും പണം അയയ്ക്കാവുന്ന സ്വകാര്യ പണമിടപാട് കമ്പനികളുടെ ആപ്പുകളുണ്ടെങ്കിലും നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് വേണ്ടപ്പെട്ടവർക്ക് അയയ്ക്കാനാവുന്ന ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനം ഗൾഫ് രാജ്യങ്ങളിൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
ഗൾഫിൽ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഗുണകരമായ തീരുമാനമാണിത്. ബഹറിൻ, സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ യു.പി.ഐ സേവനം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗൾഫിലെ ആറ് രാജ്യങ്ങളിലായി 89ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. രാജ്യത്തിന് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാരുള്ളത് യു.എ.ഇയിലാണ്. 3.2 കോടി പ്രവാസി ഇന്ത്യക്കാരുള്ളതിൽ 28 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്.
28.7 ലക്ഷം പ്രവാസി മലയാളികളിൽ 23.9 ലക്ഷവും (83 ശതമാനം) ഗൾഫിലാണ്. ഏറ്റവുമധികം മലയാളികളുള്ളത് യു.എ.ഇയിലാണ്. രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്. യു.എ.ഇ. 34 ലക്ഷം (ജനസംഖ്യയുടെ 35 ശതമാനം), സൗദി അറേബ്യയിൽ 26 ലക്ഷം (ജനസംഖ്യയുടെ 7.5 ശതമാനം), കുവൈത്ത് 10 ലക്ഷം (ജനസംഖ്യയുടെ 24.1 ശതമാനം), ഒമാൻ 7.8 ലക്ഷം (ജനസംഖ്യയുടെ 15.3 ശതമാനം), ഖത്തർ 7.5 ലക്ഷം (ജനസംഖ്യയുടെ 26 ശതമാനം) എന്നിങ്ങനെയാണ് പ്രവാസ ഇന്ത്യക്കാരുടെ എണ്ണം.
2021-ൽ 6.75 ലക്ഷം കോടി രൂപയാണ് പ്രവാസികൾ ഇന്ത്യയിലെത്തിച്ച പണം. ഇതിൽ പകുതിയോളം യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 10 ശതമാനത്തിലധികവും ഇറക്കുമതിയിൽ 18 ശതമാനത്തിലധികവും ഗൾഫിലേക്കാണ്.
ഈ സാഹചര്യത്തിലാണ് ഗൾഫിൽ നിന്ന് ഞൊടിയിടയിൽ ഇന്ത്യയിലേക്ക് പണമയയ്ക്കാൻ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനം വ്യാപിപ്പിക്കുന്നത്. പല ഗൾഫ് രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ അതീവ താത്പര്യമുണ്ട്.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും മറ്റ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും ഇന്ത്യൻ മിഷൻ ഓഫീസുകളും ഇതിനുള്ള ചർച്ചകൾ സുഗമമാക്കിയിട്ടുണ്ടെന്ന് എൻ.പി.സി.ഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ദിലീപ് അസ്ബെ പറഞ്ഞു.
ജൂണിൽ ഇന്ത്യ 10 ബില്യൺ യു.പി.ഐ ഇടപാടുകൾ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ താമസിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് അതിർത്തി കടന്നുള്ള പണമയയ്ക്കൽ ലളിതമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളുമായി ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫർ സംവിധാനങ്ങൾ സ്ഥാപിക്കാൻ എൻ.പി.സി.ഐ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
യു.പി.ഐ സേവനം ഗൾഫിലേക്ക് വ്യാപിപ്പിച്ചാൽ അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് സുഗമമായി പണം അയയ്ക്കാൻ സാധിക്കും.
ഇന്ത്യയും സിംഗപ്പൂരും ഈ വർഷമാദ്യം ദേശീയ പേയ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിച്ച് പണമയയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വർഷത്തിൽ ഒരു ബില്യൺ ഡോളറിലധികം ഇങ്ങനെ അയക്കാം.
2021ൽ ഭൂട്ടാൻ ആണ് യു.പി.ഐ സംവിധാനം സ്വീകരിക്കുന്ന ആദ്യ വിദേശരാജ്യമായത്. തൊട്ടടുത്ത വർഷം നേപ്പാളും യു.പി.ഐ സംവിധാനം സ്വീകരിച്ചു. അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകളുള്ള എൻ.ആർ.ഇ/എൻ.ആർ.ഒ പോലുള്ള നോൺ റസിഡന്റ് അക്കൗണ്ടുകളിലൂടെ യു.പി.ഐ ഉപയോഗിച്ച് ഇടപാട് നടത്താൻ ഈ വർഷം ആദ്യം എൻ.പി.സി.ഐ അനുവദിച്ചിരുന്നു.
ഓസ്ട്രേലിയ, കാനഡ, ഒമാൻ, ഖത്തർ, യു.എസ്, സൗദി അറേബ്യ, ഹോങ്കോങ്, സിംഗപ്പൂർ, യു.എ.ഇ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള എൻ.ആർ.ഐകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

By admin

Leave a Reply

Your email address will not be published. Required fields are marked *