കാറും കെ എസ്‌ ആർ‌ ടി സി ബസും കൂട്ടിയിടിച്ച് അപകടം; മന്ത്രി ജി ആർ അനിലിന്റെ ഭാര്യാസഹോദരിയടക്കം ദമ്പതികൾക്ക് പരിക്ക്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യാ സഹോദരിയായ ബിന്ദു(51)വിനും ഭർത്താവിനുമാണ് പരിക്കേറ്റത്. വളവിൽ നിയന്ത്രണംവിട്ട് വന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു കാർ യാത്രികർ. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേക്ക് പോകുകയായിരുന്ന ലോഫ്ളോർ ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്.
ആർ.സി.സിയിൽ വന്നശേഷം മടങ്ങിപ്പോകവെയാണ് ദമ്പതികൾ അപകടത്തിൽ പെട്ടത്. കാർ ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനയുണ്ട്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസ് ബിന്ദുവിനെ മെഡിക്കൽ കോളേജിലേക്കും ഭർത്താവിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളവിൽ കാറിന് നിയന്ത്രണം നഷ്‌ടമായെന്നാണ് വിവരം.
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ എതിർ ദിശയിൽ വന്ന മറ്റ് രണ്ട് കാറുകളിൽ കൂട്ടിയിടിച്ച് തൊടുപുഴയിൽ ദിവസങ്ങൾക്ക് മുൻപ് ഒരപകടമുണ്ടായിരുന്നു. മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിലെ മാടപ്പറമ്പിൽ റിസോർട്ടിന് സമീപമായിരുന്നു അപകടം. തൊടുപുഴ ദിശയിലേക്ക് വന്ന വെങ്ങല്ലൂർ സ്വദേശികൾ സഞ്ചരിച്ച കാർ എതിർ ദിശയിൽ വന്ന കുളമാവ് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് മുന്നോട്ട് പാഞ്ഞ കാർ കാഞ്ഞിരപ്പള്ളി സ്വദേശി സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
വാഹനത്തിൽ കുടുങ്ങിയവരെ സമീപവാസികളും അതുവഴി വന്ന മറ്റ് യാത്രക്കാരും ചേർന്നാണ് പുറത്തിറക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങളുടെ എയർ ബാഗ് പ്രവർത്തന ക്ഷമമായതിനാലാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടതെന്ന് അപകട സ്ഥലത്തെത്തിയവർ പറഞ്ഞു. അപകടത്തെ തുടർന്ന് ഏതാനും സമയം റോഡിൽ ഗതാഗതം തടസപ്പെട്ടു. സംഭവമറിഞ്ഞ് തൊടുപുഴ ട്രാഫിക് സബ് ഇൻസ്‌പെക്ടർ ശശി ഗോപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്

By admin

Leave a Reply

Your email address will not be published. Required fields are marked *