അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പോലീസ്

തിരുവനന്തപുരം: ഓഫറുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുകയാണെങ്കിൽ അപരിചിതമായ ലിങ്കുകളിൽ പോലും ക്ലിക്ക് ചെയ്യാൻ മടിക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ലിങ്കുകൾ മുഖാന്തരമുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.
ഇമെയിൽ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ മുഖാന്തരമാണ് ഉപഭോക്താക്കൾക്ക് വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകൾ ലഭിക്കുന്നത്. ജനങ്ങളെ ആകർഷിക്കുന്ന വിധം വിവിധ ഓഫറുകൾ നൽകുന്നതിനാൽ മിക്ക ആളുകളും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും, കെണിയിലാകുകയും ചെയ്യുന്നു.
അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് ലഭിക്കുന്നതാണ്. അതിനാൽ, സംശയാസ്പദമായ രീതിയിൽ എത്തുന്ന ഒരു ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തട്ടിപ്പ് ലിങ്കുകളോട് പ്രതികരിച്ച് വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിച്ച് വരുകയാണെന്നും, ഈ സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പോലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെടുകയും, ആത്മഹത്യയുടെ വക്കിലെത്തുകയും ചെയ്യുന്ന നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *