റോം: ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി(86) അന്തരിച്ചു. ലുക്കിമിയ ബാധിതനായി മിലാനിലെ സെന്റ് റാഫേൽസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വെള്ളിയാഴ്ച മിലാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതസംസ്കാരം നടത്തുമെന്ന് ബെർലുസ്കോണിയുടെ ബന്ധുക്കൾ അറിയിച്ചു.
ഫോഴ്സ ഇറ്റാലിയ പാർട്ടിയിലൂടെ 1994ലായിരുന്നു ബെർലുസ്കോണിയുടെ രാഷ്ട്രീയ പ്രവേശനം. രാഷ്ട്രീയത്തിന് പുറമെ ബിസിനസ് പ്രമുഖൻ കൂടിയായിരുന്നു ബെർലുസ്കോണി.
1994-95, 2001-2006, 2008-2011 കാലഘട്ടങ്ങളിലായി ആകെ നാല് തവണയാണ് ബെർലുസ്കോണി ഇറ്റലിയുടെ പ്രധാനമന്ത്രിയായത്.
2013-ൽ നികുതി വെട്ടിപ്പിന് കുറ്റക്കാരനായി കണ്ടെത്തിയ അദ്ദേഹത്തെ അഞ്ച് വർഷത്തേക്ക് ഭരണഘടനാ പദവികൾ വഹിക്കുന്നതിൽ നിന്ന് കോടതി വിലക്കി. തുടർന്ന് 2019-ൽ യൂറോപ്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെർലുസ്കോണി തൊട്ടടുത്ത വർഷം ഇറ്റാലിയൻ സെനറ്റിലേക്കും മടങ്ങിയെത്തി.
