കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അമല്‍ജ്യോതി എഞ്ചിനീയറിംങ്ങ് കോളജ് സമരത്തെ ചൊല്ലി കാഞ്ഞിരപ്പള്ളി രൂപതയും സിപിഎം നേതൃത്വവും തമ്മില്‍ ഇടയുന്നു.
കോളജിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിനിടെ കാഞ്ഞിരപ്പള്ളി രുപത കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധ റാലി നടത്തിയതിനു പിന്നാലെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി രൂപതക്കെതിരെ സിപിഎം നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മേഖലയിലെ പ്രധാന ഇടത് യുവജന നേതാവുതന്നെ രൂപതയ്ക്കെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധ പോസ്റ്റ് ഇട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ മുന്‍വിധിയോടെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെട്ടതെന്ന ആരോപണം മാനേജ്മെന്‍റിനും രൂപതയ്ക്കുമുണ്ട്.
അവസരം മുതലാക്കി മറ്റെന്തോ അജണ്ട നടപ്പിലാക്കുന്ന നിലയിലായിരുന്നു അമല്‍ജ്യോതിക്കെതിരെ നടത്തുന്ന ഇടതു സമരങ്ങളെന്ന ആരോപണം രൂപതാധികൃതര്‍ പരസ്യമായി തന്നെ ഉന്നയിച്ചിട്ടുണ്ട്.
അമല്‍ജ്യോതി സമരത്തിന്‍റെ അലയൊലി മായും മുന്‍പെ തൊടുപുഴയിലെ സ്വകാര്യ കോളജില്‍ ഇതേ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിരുന്നു. എന്നാല്‍ ആ കോളജിന്‍റെ കാര്യത്തില്‍ തികച്ചും പക്വമായ സമീപനമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വീകരിച്ചത്. ആ നീതി അമല്‍ജ്യോതിക്ക് കിട്ടിയില്ലെന്ന ആക്ഷേപമാണ് മാനേജ്മെന്‍റിനുള്ളത്. വിദ്യാര്‍ത്ഥി സമരത്തിനെതിരായ ജനവികാരമാണ് പ്രദേശത്തും ഉണ്ടായത്.
സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജിന്‍റെ മണ്ഡലത്തിലാണ് അമല്‍ജ്യോതി സ്ഥിതിചെയ്യുന്നത്. കോളജിന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ തൊട്ടടുത്താണ് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ വീട്.
ജയരാജ് അമല്‍ജ്യോതി കോളജ് വിഷയത്തില്‍ ഇടപെടുകയും മന്ത്രിമാരെ ഉള്‍പ്പെടെ സ്ഥലത്തെത്തിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. അതേസമയം. കോളജിന്‍റെ അയല്‍ക്കാരനായിട്ടും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായ സമീപനത്തില്‍ രൂപതാ കേന്ദ്രങ്ങള്‍ക്ക് അതൃപ്തിയുണ്ട്.
കോളജിന് മുന്‍വശത്തെ റോഡിന് എതിര്‍വശം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലൂടെയാണ്. എന്നിട്ടും സമരം കൈവിട്ടുപോകാതിരിക്കാനുള്ള ഇടപെടലും രാഷ്ട്രീയ സമീപനവും സെബാസ്റ്റ്യന്‍ സ്വീകരിക്കാതെ പോയതില്‍ രൂപതാ കേന്ദ്രങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ലോകകേരള സഭയില്‍ പങ്കെടുക്കാന്‍ യുഎസിന് പോയ കേരള കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി മടങ്ങിവന്നാലുടന്‍ സഭാധികാരികള്‍ അദ്ദേഹത്തെ പ്രതിഷേധം അറിയിക്കും.
അതേസമയം അമല്‍ജ്യോതി കോളജിനെതിരായ നീക്കത്തില്‍ ഇടതു മുന്നണിക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ട്. കോളജ് സമരം അനാവശ്യമായി പോയെന്ന പരാതി കേരളാ കോണ്‍ഗ്രസിനുണ്ട്.
അവര്‍ ഇക്കാര്യം മുന്നണി നേതൃത്വത്തെയും ധരിപ്പിക്കും. ജോസ് കെ മാണി മടങ്ങി വന്നാലുടന്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലം ഭാരവാഹികളും ഇക്കാര്യം അദ്ദേഹത്തെ ധരിപ്പിക്കും.
അമല്‍ജ്യോതി ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യം എസ്എഫ്ഐ മന്ത്രിതല ചര്‍ച്ചയില്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോളേജ് പിടിഎയ്ക്കും നാട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പുണ്ട്. അതിനാല്‍ അക്കാര്യം അംഗീകരിക്കപ്പെട്ടേക്കില്ല.
സമരത്തെ തുടര്‍ന്ന് കോളജ് ചുമതലകളില്‍ നിന്നും നീക്കപ്പെട്ട കന്യാസ്ത്രീയെ തിരികെയെത്തിക്കണമെന്ന ആവശ്യം രക്ഷിതാക്കള്‍ തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്. പക്ഷേ മന്ത്രിതല ചര്‍ച്ചയിലെ ധാരണപ്രകാരമുള്ള തീരുമാനം എന്ന നിലയ്ക്ക് കന്യാസ്ത്രീയെ തിരികെയെടുക്കാനുള്ള സാധ്യത വിരളമാണ്.
കോളജില്‍ വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിന്‍റെ കാര്യത്തില്‍ പ്രശംസനീയമായ സേവനമായിരുന്നു ഇവരുടേത്. ഹോസ്റ്റലിലും ക്യാമ്പസിന്‍റെ മറ്റ് കേന്ദ്രങ്ങളിലും മറ്റ് താല്‍പര്യങ്ങള്‍ക്കായി കയറിയിറങ്ങാന്‍ ആരെയും ഇവര്‍ അനുവദിച്ചിരുന്നില്ല.
അമല്‍ജ്യോതിയെ കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ത്തിയതും ഇവിടുത്തെ അച്ചടക്കവും അധ്യാപന കാര്യങ്ങളിലുള്ള അധ്യാപകരുടെ കടുത്ത നിലപാടും കാരണമായിരുന്നു. 16 -ല്‍ 12 പരീക്ഷകളിലും തോറ്റ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയുടെ അധ്യന നിലവാരം മനസിലാക്കി കൊടുക്കുക പോലുള്ള നടപടികള്‍ കുട്ടികളുടെ ഭാവിയെ കരുതി സ്വീകരിക്കുന്ന കര്‍ശന ഇടപെലടുകളാണ്.
രക്ഷിതാക്കള്‍ ഈ കോളജില്‍ നിന്ന് ആഗ്രഹിക്കുന്നതും അത്തരം കര്‍ശന സമീപനമാണ്. അധ്യയന രംഗത്ത് കേരളത്തിലെ ഒന്നാം നമ്പറാക്കി അമല്‍ജ്യോതിയെ വളര്‍ത്തിയത് ഇത്തരം രീതികളാണ്. പക്ഷേ ഒരു അവസരം ലഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്‍റിനെതിരെ ഇതെല്ലാം ആയുധമാക്കി. ഈ കാമ്പസിനുള്ളില്‍ പേക്കൂത്ത് നടത്താന്‍ അവസരം കാത്തിരുന്ന സംഘടനകളും അതില്‍ മുതലെടുപ്പ് നടത്തി.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png
