ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെയുള്ള കേസ് പിൻവലിച്ച് മാധ്യമ സ്വാതന്ത്ര്യം നിലനിർത്തുക: നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യ 

പാലക്കാട്‌ :മാധ്യമ സ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള അവഹേളനമാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേരള പോലീസ് ഫയൽ ചെയ്ത കേസ്.
ഒരു പ്രാഥമിക അന്വേഷണം പോലും നടത്താതെ, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി മാത്രം പരിഗണിച്ചാണ് എറണാകുളം സെൻട്രൽ പോലീസ് അഖിലയ്ക്കെതിരെ അന്യായമായി കേസ് എടുത്തിരിക്കുന്നത്.മാധ്യമ പ്രവർത്തകർക്ക് ഭയരഹിതമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിലും നടപടിക്രമങ്ങൾ  പാലിക്കുന്നതിലുമുളള വീഴ്ച ആശങ്കാജനകമാണ്.

മഹാരാജാസിലെ പൂർവ വിദ്യാർഥിനിയായിരുന്ന കെ വിദ്യ കുറ്റാരോപിതയായ വ്യാജരേഖാകേസ് റിപ്പോർട്ട് ചെയ്യാനാണ് ക്യാമറാമാനോടൊപ്പം അഖില മഹാരാജാസിൽ എത്തിയത്. കോളേജ് പ്രിൻസിപ്പൽ, മലയാളം വിഭാഗം അധ്യാപകൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾ ഉൾകൊള്ളുന്ന തത്സമയ വാർത്ത 11 മണിക്കാണ് സംപ്രേക്ഷണം ചെയ്‌തത്‌. ഇതിനിടെ, കെഎസ്‌യുവിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പ്രതിനിധി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് സംബന്ധിച്ച വിവാദം ഉന്നയിച്ചു. തുടർന്ന് ഇത്തരത്തിൽ ഒരു രാഷ്ട്രീയ ആരോപണം ഉണ്ടെന്ന വിശദാംശങ്ങൾ അഖില നൽകി. അതിൻറെ പേരിലാണ് ആർഷോയുടെ പരാതിയും തുടർന്നുള്ള പോലീസ് നടപടിയും.

മാധ്യമപ്രവർത്തകയ്ക്ക്  തൻറെ കടമ നിർവഹിക്കുന്നതിന് നേരിടേണ്ടി വന്ന അന്യായമായ നടപടിയെ വനിതാ മാധ്യമപ്രവർത്തകരുടെ ദേശിയ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യയുടെ കേരള ഘടകം അപലപിക്കുന്നു. അഖില നന്ദകുമാറിനെതിരായ കേസ് ഉടൻ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപെടുന്നു.ഭീഷണികളെയോ നീതിയ്ക്ക് നിരക്കാത്ത  നിയമനടപടികളെയോ പേടിക്കാതെ മാധ്യമപ്രവർത്തകർക്ക്  തങ്ങളുടെ ചുമതലകൾ സ്വാതന്ത്രമായി നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
കൂടാതെ, പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) വേണ്ടത്ര ജാഗ്രത കൂടാതെ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ ഉത്തരവാദപൂർണമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നു. നിയമ നിർവ്വഹണ ഏജൻസികളിൽ പൊതുവിശ്വാസം നിലനിർത്തുന്നതിന് സുതാര്യതവും നീതിപൂർവവുമായ അന്വേഷണപ്രക്രിയയാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed