‘എനിക്കത് മനസിലാകുന്നില്ല’; അശ്വിനെ പ്ലെയിങ് ഇലവനിൽ ഉള്‍പ്പെടുത്താത്തതിനെ വിമർശിച്ച് സച്ചിൻ ടെൻഡുൽക്കര്‍


മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ ടീം സെലക്ഷെതിരെ രൂക്ഷ വിമർശനവുമായി ഇതിഹാസ താരം സച്ചിൻ ​ടെൻഡുൽക്കർ. ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ബൗളറായ രവിചന്ദ്രൻ അശ്വിനെ എന്തുകൊണ്ട് ​പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്. അദ്ദേഹത്തെ പോലെ പ്രതിഭയുള്ള സ്പിന്നർക്ക് അനുകൂല സാഹചര്യം ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
”മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ മികച്ച രീതിൽ ബാറ്റ് ചെയ്യേണ്ടിയിരുന്നു. എന്നാൽ, അതുണ്ടായില്ല. ടീം ഇന്ത്യക്ക് ചില നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ അശ്വിനെ പ്ലെയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയത് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ മത്സരത്തിന് മുമ്പ് സൂചിപ്പിച്ചതുപോലെ, സമർത്ഥരായ സ്പിന്നർമാർ എല്ലായ്പ്പോഴും പിച്ചുകളെ ആശ്രയിക്കുന്നില്ല. അവർ വായുവിന്റെ ഒഴുക്കിനെയും പിച്ചിലെ ബൗൺസിനെയും ഉപയോഗപ്പെടുത്തുന്നു. ഓസ്‌ട്രേലിയക്ക് അവരുടെ പ്രധാന ബാറ്റർമാരിൽ അഞ്ചുപേരും ഇടംകൈയന്മാർ ആയിരുന്നു എന്നത് മറക്കരുത്”- സച്ചിൻ കുറിച്ചു.
ആർ അശ്വിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് നേരത്തെ മുഖ്യ പരിശീലകൻ രാഹുൽ ​ദ്രാവിഡ് രംഗത്തുവന്നിരുന്നു. എതിർ നിരയിൽ അഞ്ച് ഇടംകൈയന്മാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, മൂടിക്കെട്ടിയ അന്തരീക്ഷം നാലാമത്തെ സ്പെഷ്യലിസ്റ്റ് സീമറെ തെരഞ്ഞെടുക്കാൻ തങ്ങളെ നിർബന്ധിച്ചുവെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *