പുതിയ വ്യാപാര സാധ്യതകൾ തുറന്ന് അറബ്-ചൈന കോൺഫറൻസ്
റിയാദ്- ചൈനയെയും അറബ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആധുനിക പട്ടുപാത സ്ഥാപിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്. അറബ് ലോകത്തെയും ചൈനയിലെയും വ്യപാരപ്രമുഖർ പങ്കെടുക്കുന്ന റിയാദിൽ സംഘടിപ്പിച്ച പത്താമത് അറബ്-ചൈന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിര പങ്കാളിത്തത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സാമ്പത്തികം, നിക്ഷേപം, സമഗ്ര വികസനം എന്നീ മേഖലകളിൽ രാഷ്ട്രീയത്തിന്റെയും നയതന്ത്രത്തിന്റെയും ഇടനാഴികളിൽ അറബ് ചൈനീസ് പങ്കാളിത്തം മികച്ച വിജയം കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടുവരികയാണ്. മധ്യപൗരസ്ത്യദേശത്ത് സൗദി അറേബ്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. ചൈനയുമായുള്ള സഹകരണത്തിന് അറബ് ലോകത്തിന്റെ ഊർജം യുവാക്കൾക്ക് ആധിപത്യമുള്ള അര ബില്യണിലധികം വരുന്ന മനുഷ്യവിഭവശേഷിയാണ്. അറബ് രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനം 3.5 ട്രില്യൺ ഡോളറാണ്. അതിന്റെ മൂന്നിലൊന്നാണ് സൗദി അറേബ്യ. ചൈനയുമായി സഹകരണത്തിലും പങ്കാളിത്തത്തിലും ഒരു പുതിയ ആധുനിക പട്ടുപാത ആരംഭിക്കുന്നതിനാണ് ഈ കോൺഫറൻസ് സംഘടിപ്പിച്ചതെന്നും ലോകമെമ്പാടുമുള്ള ഞങ്ങളുടെ പങ്കാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കടൽ, കര, വായു ഗതാഗത ലോജിസ്റ്റിക് മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങൾ തമ്മിലുള്ള പ്രധാന കണ്ണിയായി സൗദി അറേബ്യ മാറുകയെന്നതാണ് വിഷൻ-2030 പദ്ധതിയിലുള്ളത്. വിദേശരാജ്യങ്ങളിൽ നിക്ഷേപത്തിന് ശ്രമിക്കുന്ന ചൈനക്ക് മുന്നിൽ അറബ് ലോകത്തെ പ്രധാന പദ്ധതികളിൽ പങ്കാളിത്തതിന് വാതിൽ തുറന്നിട്ടിരിക്കുകയാണ്. സൗദിയിലെ പ്രധാന കമ്പനികൾ ചൈനയിലും മുതൽമുടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈജിപ്ത് വിദേശകാര്യ സഹമന്ത്രി റാനിയ അൽ മഷാത്ത്, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം അൽ മുർശിദി, ചൈനീസ് കൗൺസിൽ ഫോർ ദി പ്രമോഷൻ ഓഫ് ഇന്റർനാഷനൽ ട്രേഡ് വൈസ് ചെയർമാൻ ചെൻ ജിയാനൻ, അക്വ പവർ ചെയർമാൻ മുഹമ്മദ് അബുനയ്യാൻ, ഹോങ്കോംഗിലെ ഹാംഗ് ലംഗ് പ്രോപ്പർട്ടീസ് ഡയറക്ടർ ബോർഡ് ചെയർമാൻ റോണി ചാൻ തുടങ്ങിയവർ സംബന്ധിച്ചു.
2023 June 11Saudititle_en: A new silk road connecting Arabs with China will be launched – Minister Khaled Alfalih