ടികാംഗഡ്-മധ്യപ്രദേശിലെ ടികംഗഡ് ജില്ലയില്‍ 11 വയസുകാരിയെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉടമയും സഹോദരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കേസ്. ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭട്ടോഗ്ര ഗ്രാമത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒന്നു മുതല്‍ ആറു വരെ ക്ലാസുകളിലായി 30 ഓളം വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്നുണ്ടെന്ന് ഖൊര്‍ഗാപൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് നിതേഷ് ജെയിന്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ ബലാത്സംഗം ചെയ്യുന്നത് ഒരു ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടി സ്‌കൂള്‍ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും അവളുടെ ബന്ധുവും ഈ സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഉടമയുടെ സഹോദരനും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
