കീവ്: റഷ്യക്ക് എതിരായ തിരിച്ചടി ശക്തമാക്കി യുക്രൈന്‍. ഡോണ്‍ടെസ്‌ക് മേഖലയിലെ ഗ്രാമങ്ങള്‍ തിരിച്ചു പിടിച്ചതായി യുക്രൈന്‍ സേന അറിയിച്ചു.
തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ യുക്രൈന്‍ ദേശീയപതാക നാട്ടിയ ചിത്രങ്ങളും യുക്രൈന്‍ സേന പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച മുതലാണ് യുക്രൈന്റെ തിരിച്ചടി ശക്തമായത്.
റഷ്യ പിടിച്ചെടുത്ത പല മേഖലകളും തങ്ങള്‍ തിരിച്ചു പിടിച്ചതായി യുക്രൈന്‍ അവകാശപ്പെടുന്നുണ്ട്. യുക്രൈന്‍ തിരിച്ചടി ആരംഭിച്ചത് സ്ഥിരീകരിച്ച റഷ്യ, പക്ഷേ മേഖലകള്‍ തിരിച്ചുപിടിച്ചതിനെ കുറിച്ചുള്ള അവകാശവാദത്തില്‍ പ്രതികരിച്ചിട്ടില്ല.
റഷ്യയുടെ വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്ത ബാഖ്മുത് നഗരത്തിന്റെ ചില പ്രദേശങ്ങള്‍ യുക്രൈന്‍ തിരിച്ചു പിടിച്ചിരുന്നു.
കരിങ്കടലില്‍ നിരീക്ഷണത്തിലായിരുന്ന തങ്ങളുടെ യുദ്ധക്കപ്പലിന് നേര്‍ക്ക് യുക്രൈന്‍ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.
കരിങ്കടലില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈനിന് സംരക്ഷണം ഒരുക്കാനായി എത്തിച്ച കപ്പലിന് നേര്‍ക്കാണ് അതിവേഗ ഡ്രോണ്‍ ബോട്ടുകളില്‍ നിന്ന് ആക്രമണം നടന്നതെന്ന് റഷ്യ ആരോപിച്ചു.
അതേസമയം, റഷ്യയുടെ ആരോപണത്തോട് യുക്രൈന്‍ പ്രതികരിച്ചിട്ടില്ല.
