നരേന്ദ്ര മോഡിയെ വിനയാന്വിതനും നല്ല വ്യക്തിയുമെന്ന് വിശേഷിപ്പിച്ച് യു എസ്- ഇന്ത്യ പാര്‍ട്ണര്‍ഷിപ്പ് ചെയര്‍മാന്‍ 

വാഷിംഗ്ടണ്‍- കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇത്രയും വിനയാന്വിതനും അത്ഭുതകരമായ വിധത്തില്‍ നല്ല വ്യക്തിയുമായ ഒരാളെ താന്‍ കണ്ടിട്ടില്ലെന്ന് യു. എസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യു. എസ്. ഐ. എസ്. പി. എഫ്) ചെയര്‍മാനും 2019ലെ പത്മഭൂഷണ്‍ ജേതാവുമായ ജോണ്‍ ചേംബേഴ്‌സ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചാണ് ജോണ്‍ ചേംബേഴ്‌സ് മികച്ച അഭിപ്രായം രേഖപ്പെടുത്തിയത്.

കാഴ്ചപ്പാട് അവതരിപ്പിക്കാനും അതില്‍ ആളുകളെ ആവേശഭരിതരാക്കാനും കഴിവുള്ള കരിസ്മാറ്റിക് നേതാവാണ് മോഡിയെന്നും പദ്ധതികള്‍ നടപ്പിലാക്കാനുള്ള കഴിവുണ്ടെന്നും വിശദമാക്കി. അദ്ദേഹം ഈ ലോകത്തെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്ന് താന്‍ കരുതുന്നതായും ജോണ്‍ ചേമ്പേഴ്സ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു. എസ് സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിനുള്ള പ്രധാന നാഴികക്കല്ലാണെന്നും രണ്ട് തന്ത്രപ്രധാന പങ്കാളികള്‍ക്ക് മേഖലകളില്‍ ഒരുമിച്ച് എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിന്റെ മാതൃക ന്യൂദല്‍ഹിയും വാഷിംഗ്ടണും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- യു. എസ് സഖ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങളില്‍ മാത്രമല്ല ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും യു. എസിലെ 50 സംസ്ഥാനങ്ങളിലും ഉടനീളമുള്ള തൊഴില്‍ അവസരങ്ങളിലും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 22ന് യു. എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന മോഡി രണ്ട് തവണ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും. 2016 ജൂണിലാണ് അദ്ദേഹം യു. എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യം അഭിസംബോധന ചെയ്തത്. ജൂണ്‍ 22ന് യു. എസ് പ്രസിഡന്റും പ്രഥമ വനിതയും പ്രധാനമന്ത്രി മോദിയുടെ സ്റ്റേറ്റ് ഡിന്നറില്‍ ആതിഥേയത്വം വഹിക്കും.

By admin