രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം

അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. പാർലമെന്‍റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ പത്ത് മണി ക്ക് പാർലമെന്‍റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാർത്ഥ്യം. ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *