സംസ്ഥാനത്ത് ഞായർ വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ സാധ്യത. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ശനിയാഴ്‌ച മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ഞായർ വരെയും കർണാടക തീരത്ത് ചൊവ്വ വരെയും മീൻപിടിത്തത്തിന് പോകരുത്. 3.4 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.