എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യമെന്ന് മുഖ്യമന്ത്രി. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഎം അതിനെ ന്യായീകരിക്കില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഎം ചെയ്തത്. നടപടി എടുത്തു. സിപിഎം തള്ളിപ്പറഞു, അഖിലേന്ത്യാ തലത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയും സർക്കാരിന് വേണ്ടി മുഖമന്ത്രിയും അത് ശരിയായില്ല എന്ന് പറഞ്ഞു. ഇതെന്തുകൊണ്ട് കോൺഗ്രസിന് കഴിയുന്നില്ല എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ആക്രമണത്തെ തൊട്ടടുത്ത ദിവസം തന്നെ തള്ളിപ്പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും കെപിസിസി പ്രസിഡന്റിനെയാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല സുധാകരനെ ന്യായീകരിച്ചെങ്കിലും സുധാകരനെ കുറിച്ച് തന്നോട് പറയേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സുധാകരന്റെ രീതികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. സംഭവം ഉണ്ടായ ഉടൻ ഇ.പി. സ്ഥലത്തെത്തിയത് അതിന് തൊട്ടുമുന്നിലെ ഫ്ലാറ്റിൽ അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടാണ്. പി.കെ.ശ്രീമതി എകെജി സെന്ററിൽ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബിന്റ രീതിയെ കുറിച് തന്നോട് ചോദിക്കുന്നതിനേക്കാൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കുന്നതാണ് നല്ലത്. വേണ്ടി വന്നാൽ പൊലീസ് സ്റ്റേഷനിൽ ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞത് പാർട്ടി സെക്രട്ടറി അല്ലേ എന്ന വി.ഡി.സതീശന്റെ ചോദ്യത്തിന്, വലിയ ശബ്ദമുണ്ടാക്കുന്ന ബോംബ് നാടൻ രീതിയിൽ ഉണ്ടാക്കാനാകുമെന്ന് ദശാബ്ദങ്ങൾക്കു മുൻപ് തെളിയിച്ചിട്ടുണ്ട് കെ സുധാകരൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
എകെജി സെന്ററിന് നേരെയുണ്ടായത് പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളിൽ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസ്സിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. സിസിടിവി പരിശോധനകളിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവർ മറച്ചുപിടിക്കുകയാണ്. പക്ഷേ, പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എകെജി സെന്ററിന്റെ ഒരു ചില്ലെങ്കിലും എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ് ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അയാളെയാണ് പൊലീസ് ചോദ്യം ചെയ്തത്. അത് സ്വാഭാവിക നടപടി മാത്രമാണെന്നും പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കെപിസിസി ഓഫീസ് ആക്രമണത്തിലും കന്റോൺമെന്റ് ഹൗസ് ആക്രമണത്തിലും കൃത്യമായി കേസ് എടുത്തു.
എസ്‍ഡിപിഐക്കാർ എകെജി സെന്റർ സന്ദർശിച്ചു എന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം വസ്തുതാപരം അല്ല. ജൂലൈ ഒന്നിന് എസ്‍ഡിപിഐ സംഘം വന്നെങ്കിലും കൂടിക്കാഴ്ചക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കി ഓഫീസ് ജീവനക്കാർ തിരിച്ചയച്ചു. എസ്‍ഡിപിഐക്കാർ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റേത് സുപരീക്ഷിത ജീവിതമാണെന്ന് മുഖ്യമന്ത്രി. അതുകൊണ്ട് എല്ലാം ചിരിച്ച് കൊണ്ട് നേരിടും. മടിയിൽ കനം ഇല്ലാത്തത് കൊണ്ട് മാത്രം അല്ല, ജീവിതത്തിൽ ശുദ്ധിയുള്ള ആൾക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ജീവിതത്തിൽ ശുദ്ധി പുലർത്താൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താൽക്കാലിക ലാഭത്തിന് വേണ്ടി തെറ്റ് ചെയ്യരുത്. തൊട്ടതെല്ലാം പാളുന്നത് ആർക്കാണ് എന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയം തള്ളിയതായി സ്പീക്കർ എം.ബി.രാജേഷ് വ്യക്തമാക്കി. രണ്ടര മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിഷയം തള്ളിയത്. ഉന്നയിച്ച വിഷയത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.