ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റോഡ് നിർമിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (National Highways Authority of India) ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ വിവരം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതി മുതൽ അകോല ദേശീയപാത വരെ നീളുന്ന 75 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് അഞ്ചു ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയത്. ജൂൺ മൂന്നിനായിരുന്നു റോഡിന്റെ നിർമാണം ആരംഭിച്ചത്. ജൂൺ 7 ന് പൂർത്തിയാക്കി. ഗിന്നസ് അധികൃതരും നിർമാണ സ്ഥലത്ത് സന്നിഹിതരായിരുന്നു. രജ്‌പത് ഇൻഫ്രാകോൺ (Rajput Infracon) എന്ന കമ്പനിയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം റോഡ് നിർമിച്ചത്.’നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അമരാവതി മുതൽ അകോള വരെയുള്ള ഭാഗത്ത് 75 കിലോമീറ്റർ ഒറ്റവരിപ്പാത നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുന്നു”, എന്ന് ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചു കൊണ്ട് നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു. ആധുനിക ഉപകരണങ്ങളും ബിറ്റുമിനസ് കോൺക്രീറ്റും ഉപയോഗിച്ചായിരുന്നു റോഡ് നിർമാണം. ഉദ്യോഗസ്ഥരെയും പദ്ധതിയിൽ പങ്കാളികളായ മറ്റ് തൊഴിലാളികളെയും ട്വീറ്റിൽ നിതിൻ ഗഡ്കരി അഭിനന്ദിച്ചു. ”2022 ജൂൺ 3-ന് രാവിലെ 7:27-ന് ആരംഭിച്ച് 2022 ജൂൺ 7-ന് വൈകുന്നേരം 5:00-ന് പൂർത്തിയാക്കിയ നിർമാണത്തിൽ ഇൻഡിപെൻഡന്റ് കൺസൾട്ടന്റുമാരുടെ ടീം ഉൾപ്പെടെ 720 തൊഴിലാളികൾ ഉണ്ടായിരുന്നു”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഹൈവേ എഞ്ചിനീയർമാർ, സുരക്ഷാ എഞ്ചിനീയർമാർ, സർവേയർമാർ എന്നിവരുൾപ്പെടെ 800 ജീവനക്കാരും 700 തൊഴിലാളികളും നിർമാണത്തിന്റെ ഭാഗമായിഇതിനു മുൻപും രാജ്പുത് ഇൻഫ്രാക്കോൺ ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. സാംഗ്ലിക്കും സത്താറയ്ക്കും ഇടയിൽ 24 മണിക്കൂർ കൊണ്ട് റോഡ് നിർമിച്ചായിരുന്നു മുൻപത്തെ റെക്കോർഡ്.
പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ‘ഗതിശക്തി’ എന്ന പദ്ധതിയുടെ ഭാഗമായാണ് അമരാവതി മുതൽ അകോല ദേശീയപാത വരെ നീളുന്ന റോഡ് നിർമാണം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് റോഡ് രാജ്യത്തിന് സമർപ്പിക്കും. 247 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ഹൈവേകൾ കൂടി നിർമിക്കുമെന്ന് ജൂൺ 3 ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ചെലവ് കുറഞ്ഞ, വൈദ്യുതി ഉപയോഗിച്ചുള്ള സാങ്കേതിക മാർഗങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നും നിതിൻ ഗഡ്കരി മുൻപ് പറഞ്ഞിരുന്നു. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളുമായുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി 11 റോപ്‌വേ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു