ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ട റാൻഡം നറുക്കെടുപ്പ് പൂർത്തിയായി. നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ച ഭാഗ്യവാന്മാർ ജൂൺ 15ന് ഖത്തർ സമയം ഉച്ച 12ന് മുമ്പായി പണമടച്ച് തങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കണമെന്ന് ഫിഫ അറിയിച്ചു. ഏപ്രിൽ 28ന് അവസാനിച്ച രണ്ടാം ഘട്ട ബുക്കിങ്ങിന്‍റെ റാൻഡം നറുക്കെടുപ്പ് ഫലങ്ങളാണ് ചൊവ്വാഴ്ച ഉച്ചയോടെ fifa.com/tickets വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്തവരുടെ ഇ മെയിൽ വഴിയും അറിയിച്ചു തുടങ്ങിയത്.
ടിക്കറ്റ് ലഭ്യമായവർക്ക് ഫിഫ ടിക്കറ്റ്സിലെ അക്കൗണ്ട് വഴി തന്നെ വിശദാംശങ്ങൾ നൽകി പണം അടക്കാവുന്നതാണ്. ജൂൺ 15 ഉച്ച 15ന് മുമ്പായി പണം അടച്ചില്ലെങ്കിൽ ലഭ്യമായ ടിക്കറ്റുകൾ അസാധുവായി മാറും. ഈ സമയത്ത് പുതിയ ടിക്കറ്റ് അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്ന് ഫിഫ അറിയിച്ചു.
രണ്ടാം ഘട്ടത്തിൽ 2.35 കോടി ടിക്കറ്റിനാണ് ആവശ്യക്കാരുണ്ടായത്. എന്നാൽ, ഈ റൗണ്ടിൽ 10 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് ഫിഫ നീക്കിവെച്ചത്. അർജന്‍റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സികോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബുക്കിങ്ങുണ്ടായത്. ഖത്തറിൽ നിന്നും സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ഫുട്ബാൾ ആരാധകർ വ്യാപകമായി ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്. ഡിസംബർ 18ന് നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ് ഏറ്റവും കൂടുതൽ അപേക്ഷകർ. അർജന്‍റീന – മെക്സികോ, അർജന്‍റീന -സൗദി അറേബ്യ, ഇംഗ്ലണ്ട് – അമേരിക്ക, പോളണ്ട് -അർജന്‍റീന മത്സരങ്ങൾക്കാണ് ഗ്രൂപ്പ് റൗണ്ടിൽ ഏറെ ആവശ്യക്കാരുള്ളത്.