വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ ഉറപ്പായെന്ന് മന്ത്രി ആന്റണി രാജു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ വിധി ഒരു പാഠമാകണം. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഏകപ്രതി കിരൺകുമാർ വീണ്ടും ജയിലിലേക്ക് പോവുകയാണ്. ആത്മഹത്യാ പ്രേരണ കോടതിയിൽ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. സംഭവങ്ങൾ പൊതുസമൂഹത്തിലെത്താൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നു. ഇനിയും നിരവധി ഓഡിയോ ക്ലിപ്പുകളുണ്ട്. അതെല്ലാം കേട്ടുകഴിഞ്ഞാൽ മാത്രമേ വിസ്മയ അനുഭവിച്ച പീഡനത്തിന്റെ വ്യാപ്തി എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ അവസ്ഥയിൽ കൂടുതലൊന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ കൂട്ടിച്ചേർത്തു.
വിസ്മാ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498 എ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.
കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കൊല്ലം നിലമേലിൽ ആയുർവേദ ബിരുദ വിദ്യാർത്ഥിനിയായ വിസ്മയയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂൺ 21 നായിരുന്നു വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.