ബിഎഎംഎസ് വിദ്യാർഥി നിലമേൽ കൈതോട് കെകെഎംവി ഹൗസിൽ വിസ്‌മയ (24)യെ ഭർതൃവീട്ടിൽ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. 323, 506 കുറ്റങ്ങൾ കോടതി പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ എൻ സുജിത്താണ് വിധി പറഞ്ഞത്. കേസിൽ 42 സാക്ഷികളെ വിസ്‌തരിച്ചു. 120 രേഖയും 12 തൊണ്ടി മുതലും പരിശോധിച്ചു. വിസ്‌മയയെ ഭർത്താവ് കിരൺകുമാറിന്റെ പോരുവഴി അമ്പലത്തുംഭാഗത്തെ വീട്ടിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് 2021 ജൂൺ 21ന് പുലർച്ചെ 3.30നാണ്. സംഭവത്തെത്തുടർന്ന് കിരൺകുമാറിനെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.