എസ്‌എഫ്‌ഐ 34–-ാം സംസ്ഥാന സമ്മേളനം 23 മുതൽ 27 വരെ പെരിന്തൽമണ്ണയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഭിമന്യുനഗറിൽ (പെരിന്തൽമണ്ണ ഗവ. ബോയ്‌സ് സ്‌കൂൾ മൈതാനം) 23ന് വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയാർമാൻ പി ശ്രീരാമകഷ്‌ണൻ പതാക ഉയർത്തും. മഹാരാജാസ് കോളേജിലെ അഭിമന്യു രക്തസാക്ഷി കുടീരത്തിൽനിന്ന് പതാകജാഥ തുടങ്ങും.
രക്തസാക്ഷി ധീരജിന്റെ തളിപ്പറമ്പിലെ വസതിയിൽനിന്ന് കൊടിമരവും ചാരുമൂട്ടിൽ അഭിമന്യുവിന്റെ വസതിയിൽനിന്ന് ദീപശിഖയും എത്തും. 24ന് അരലക്ഷം വിദ്യാർഥികൾ അണിചേരുന്ന റാലിക്കുശേഷം വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.ധീരജ് –- പി ബിജു നഗറി(ഏലംകുളം ഇ എം എസ് സമുച്ചയം)ലാണ് പ്രതിനിധി സമ്മേളനം. 25ന് രാവിലെ 9.30ന് സാമൂഹ്യ പ്രവർത്തകൻ രാം പുനിയാനി സമ്മേളനം ഉദ്‌ഘാടനംചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 537 പേർ പങ്കെടുക്കും. 25ന് രാത്രി ഏഴിന് പ്രതിനിധി സമ്മേളന നഗരിയിൽ പഴയകാല നേതാക്കളുടെ സംഗമം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവനും 26ന് വൈകിട്ട് ആറിന് രക്തസാക്ഷി കുടുംബസംഗമം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ഉദ്‌ഘാടനംചെയ്യും.
സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ , എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ, സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്,സ്വാഗതസംഘം കൺവീനർ വി രമേശൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി പി രഹ്‌ന സബീന, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എ സക്കീർ, മലപ്പുറം ജില്ലാ സെക്രട്ടറി എം സജാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു