കഴിഞ്ഞ മാർച്ച് 21ന് ചൈനയിൽ 132 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ദുരൂഹതയേറുന്നു. അപകടം പൈലറ്റുമാർ മനപ്പൂർവം വരുത്തിവച്ചതാണോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. വിമാനത്തിന്റെ ബ്ലാക് ബോക്സ് പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇത്തരം ഒരു സംശയത്തിലേക്ക് അധികാരികളെ എത്തിച്ചത്കോക്പിറ്റിലുണ്ടായിരുന്ന ആരോ മനപ്പൂർവം വരുത്തിവച്ചതാണ് ഈ അപകടമെന്നാണ് വിമാനത്തിന്റെ ബ്ലാക്ബോക്സ് ഫ്ലൈറ്റ് റെക്കോഡറുകളിൽ നിന്ന് ലഭിച്ച ഡാറ്റ പരിശോധനയിൽ നിന്ന് വ്യക്തമായത്. അമേരിക്കയിൽ നിന്നുള്ള വിദഗ്ദ്ധരാണ് ഇത് പരിശോധിച്ചത്. കോക്പിറ്റിൽ നിന്നുള്ള ഇൻപുട്ടാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അവർ വിശദമാക്കുന്നത്.അപകടത്തിന് തൊട്ടുമുന്നേ അസാമാന്യ വേഗതയിൽ സഞ്ചരിച്ച വിമാനം 29,000 അടി ഉയരത്തിൽ വച്ച് പെട്ടന്ന് കുത്തനെ താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. എന്നാൽ വിമാനത്തിന്റെ പാതയിൽ കാലാവസ്ഥാപരമായതോ മറ്റേതെങ്കിലും തരത്തിലെയോ അപകടങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു
അപകടം സംഭവിക്കുന്നതിന് മുമ്പ് എയർ ട്രാഫിക് കൺട്രോളർമാരിൽ നിന്നും സമീപത്തെ വിമാനങ്ങളിൽ നിന്നും ആവർത്തിച്ച് ലഭിച്ച സന്ദേശങ്ങളോട് ഈ വിമാനത്തിലെ പൈലറ്റുമാർ പ്രതികരിച്ചിരുന്നില്ല എന്നും അധികൃതർ വ്യക്തമാക്കി. ഇതെല്ലാം അപകടത്തിലെ ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നു.അതേസമയം, അപകടത്തിൽപെട്ട വിമാനത്തിന്റെ പൈലറ്റുമാർ ഡ്യൂട്ടിക്ക് മുമ്പ് പൂർണ ആരോഗ്യവാന്മാരായിരുന്നുവെന്നും അവർക്ക് സാമ്പത്തികമായോ കുടുംബരമായോ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നുമാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. വിമാനത്തിൽ നിന്ന് യാതൊരുവിധ അടിയന്തര കോഡുകളും അവർ അയച്ചിട്ടില്ലെന്നും കോക്പിറ്റിന്റെ സുരക്ഷ ലംഘിക്കാനുള്ള സാദ്ധ്യതയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.കുൻമിംഗിൽ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് യാത്ര തിരിച്ച ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 വിമാനം ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂ കുന്നിൻ പ്രദേശത്താണ് തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 123 യാത്രക്കാരും ഒമ്പത് ജീവനക്കാരും മരണപ്പെട്ടിരുന്നു. കഴിഞ്ഞ 28 വർഷത്തിനിടയിൽ ചൈനയിൽ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടമായിരുന്നു ഇത്