തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കും. മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. കഴിഞ്ഞ ദിവസം എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം നടന്നിരുന്നു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പ് ചെയ്ത് പിണറായി പ്രചാരണം നയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.തെരഞ്ഞെടുപ്പ് യോഗത്തിൽ എൽ.ഡി.എഫ് 100 സീറ്റ് തികയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത പിണറായി കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. വികസനത്തിനൊപ്പം നിൽക്കുന്നതിനാലാണ് കെ.വി. തോമസ് എൽ.ഡി.എഫ് വേദിയിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.വി. തോമസ് ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്. അദ്ദേഹം ഇന്ന് നിങ്ങളുടെയെല്ലാം കൺമുന്നിലൂടെ നടന്നുവന്ന് ഈ സ്റ്റേജിൽ കയറി, എൽ.ഡി.എഫ് കൺവീനർ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. അത് നാടിന്‍റെ വികസന പക്ഷത്ത് അദ്ദേഹം നിൽക്കുന്നു എന്നുള്ളത് കൊണ്ടാണ്
കെ.വി. തോമസ് കൺവെൻഷനിലെത്താൻ ഒരു മണിക്കൂർ വൈകി. കെ റെയിലിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. എവിടെ നിൽക്കുന്നു എന്നതാണ് നാം ഓരോരുത്തരും ചോദിക്കേണ്ട ചോദ്യം. ദീർഘകാലമായി നാം സ്വീകരിച്ച നിലപാടുകളുണ്ടായിരിക്കും. ആ നിലപാടുകൾ സ്വീകരിച്ചു നിൽക്കുമ്പോൾ തന്നെ നാമെല്ലാം നാടിന്‍റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണ്. നാടിന്‍റെ ഏതെങ്കിലുമൊരു വികസന വിഷയത്തിൽ ഇന്നത്തെ പ്രതിപക്ഷം അനുകൂല ശബ്ദം പുറപ്പെടുവിച്ചിട്ടുണ്ടോ.
ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്ന വിദഗ്ധരിൽ ഒരാളോട് വേറൊരാൾ ഒരു ചോദ്യം ചോദിക്കുന്നത് കേൾക്കാനിടയായി. നിങ്ങൾ ഈ കേരളത്തിൽ ഏതെങ്കിലുമൊരു നല്ല പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ചോദ്യം കേട്ടയാൾ ആകെ വല്ലാതാവുന്നതാണ് കണ്ടത്. ഇതാണ് അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു