അടുത്ത 30 മണിക്കൂർ നാടിന്റെ കണ്ണും കാതും തൃശൂരിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ നാദ, താള, ദൃശ്യ വിസ്‌മയത്തിന് ചൊവ്വാഴ്‌ച തേക്കിൻകാട് വേദിയാകും. മഹാമാരിയെ അതിജീവിച്ച ജനത ജാതി, മത അതിരുകളില്ലാതെ ഒറ്റ താളമായി പൂരനഗരിയിൽ അലിഞ്ഞുചേരും. നാട് ഒന്നാകെ വിശ്വപൂരത്തിനായി ഒഴുകിയെത്തും.
രാവിലെ എട്ട് ദേശപ്പൂരങ്ങളോടെ എഴുന്നള്ളത്തോടെ മഹാപൂരത്തിന് തുടക്കമാവും. കണിമംഗലം ദേശത്തിന്റെ എഴുന്നള്ളിപ്പ് ആദ്യമെത്തി തെക്കേ ഗോപുരംനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കും. തുടർന്ന് പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ് എന്നീ ദേശങ്ങളുടെ ചെറുപൂരങ്ങളും എത്തും.
പതിനൊന്നോടെ തിരുവമ്പാടി ദേവസ്വത്തിന്റെ പ്രസിദ്ധമായ മഠത്തിൽവരവ് ആരംഭിക്കും. പഞ്ചവാദ്യത്തിന് കോങ്ങാട് മധു അഞ്ചാംതവണയും പ്രാമാണികനാകും. തുടർന്നുള്ള മേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ 12–-ാം തവണ പ്രമാണികനാകും. 12ന് പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് തുടങ്ങും. 24–-ാം തവണ പെരുവനംകുട്ടൻ മാരാർ പ്രാമാണികനാകും. രണ്ടരയ്‌ക്ക് മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. ശേഷം കാഴ്‌ചയുടെ വിസ്‌മയം വിതറി കുടമാറ്റം.
രാത്രിയിൽ പകലിന്റെ തനിയാവർത്തനം. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന് പരയ്‌ക്കാട് തങ്കപ്പൻ പ്രാമാണികനാകും. ബുധനാഴ്‌ച പുലർച്ചെ മൂന്നിന് വെടിക്കെട്ട്. ചരിത്രംകുറിച്ച് തിരുവമ്പാടിക്കായി ചരിത്രത്തിലാദ്യമായി വനിത വെടിക്കെട്ടിന് നേതൃത്വംനൽകും. ബുധനാഴ്‌ച ഉച്ചക്ക് പൂരം ഉപചാരംചൊല്ലി പിരിയും.