സിൽവർലൈൻ സംവാദം: സ്ഥലം, സമയം തീരുമാനിച്ചു; ജോസഫ് സി മാത്യുവിനെ ഒഴിവാക്കി, പകരം ശ്രീധർ രാധാകൃഷ്ണൻ

സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധർ രാധാകൃഷ്ണനെ ഉൾപെടുത്തി. ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട, പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാകും ഇനി പദ്ധതിയെ എതിർത്ത് പരിപാടിയിൽ പങ്കെടുക്കുക. സംവാദത്തിൽ പങ്കെടുക്കാൻ ശ്രീധർ വെച്ച ഉപാധികൾ സർക്കാർ അംഗീകരിച്ചു. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിൽവെച്ചാണ് പരിപാടി നടക്കുക.

ജോസഫ് സി മാത്യുവിനെ സംവാദത്തിൽ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ പാനലിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരോ കെ റെയിലോ തയ്യാറായിട്ടില്ല.

വ്യാഴാഴ്ച നടക്കുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലിൽ നിന്നും ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റി. സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാൻ കാരണം. പകരം കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസകിനെ ഉൾപ്പെടുത്തി. ഇദ്ദേഹത്തിനൊപ്പം ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍സട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെംബര്‍ (എന്‍ജിനീയറിംഗ്) സുബോധ് കുമാര്‍ ജയിന്‍ എന്നിവരാകും പദ്ധതിയെ അനുകൂലിക്കുക.

സിൽവർ ലൈനിൽ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ സംസ്ഥാന സർക്കാർ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വർമ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കപ്പെട്ട വർമ്മ ഡിപിആറിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയതലത്തിൽ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെപി സുധീർ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങൾക്ക് തത്സമയം കാണിക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇനിയെന്താകുമെന്നതിൽ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *