സില്‍വര്‍ലൈന്‍ പദ്ധതി: സര്‍ക്കാര്‍ എതിര്‍ ശബ്ദങ്ങള്‍ കേള്‍ക്കാനൊരുങ്ങുന്നു; 28ന് സംവാദം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ എതിര്‍ ശബ്ദങ്ങളെ കേള്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ മാസം 28ന് സംവാദം ഒരുക്കാനാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

പദ്ധതിയുടെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക് വര്‍മയടക്കമുള്ളവരെ സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ നിരവധി തവണ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ അലോക് വര്‍മ അവസരം തേടിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. അലോക് വര്‍മ, സുബോധ് ജെയിന്‍, ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവര്‍ക്കും ക്ഷണമുണ്ട്.പദ്ധതിയെ എതിർക്കുന്ന 3 പേരും അനുകൂലിക്കുന്ന 3 പേരും ചർച്ചയിൽ സംസാരിക്കും.കെ–റെയിലിനു വേണ്ടി റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രന്‍നായർ തുടങ്ങിയവർ സംസാരിക്കും.

സയൻസ് ആൻഡ് ടെക്നോളജി പ്രിന്‍സിപ്പൽ സെക്രട്ടറി കെ.പി.സുധീറാണ് മോഡറേറ്റർ. 2 മണിക്കൂർ ചർച്ച കേൾക്കാൻ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങൾക്കും ചർച്ചയിലേക്കു ക്ഷണമുണ്ട്.സില്‍വര്‍ ലൈനില്‍ സ്റ്റാന്‍ഡേഡ് ഗേജ് പ്രായോഗികമല്ലെന്നും ബ്രോഡ്ഗേജിലേക്ക് മാറ്റണമെന്നും അലോക് വര്‍മ ആവശ്യട്ടിരുന്നു ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും തട്ടിക്കൂട്ട് ഡി പി ആറാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സില്‍വര്‍ ലൈനിന് പിന്നില്‍ ചില താല്‍പര്യമുണ്ടെന്നും അലോക് വര്‍മ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനേയോ കാണാനുള്ള അനുമതി നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇത് വിവാദമായതോടെയാണ് 28 നടക്കുന്ന ചര്‍ച്ചയിലേക്ക് ഇപ്പോള്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *