ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിൽ ഇടം പിടിയ്ക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാനൂറാം ജന്മവാർഷികത്തിൽ രാത്രി ഒമ്പതരയ്ക്കാണ് മോദിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.
ചെങ്കോട്ടയിലെ പുൽത്തകിടിയിൽ നിന്നാകും മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കവാടത്തിലാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗം. സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്
നേരത്തെ നേതാജി സുഭാഷ് ചന്ദ്ര ബോസ്, ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്റെ 75-ാം വാർഷികത്തിൽ മോദി ചെങ്കോട്ടയിൽ പ്രസംഗിച്ചിരുന്നു. അന്ന് രാവിലെ ഒമ്പതു മണിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ്, ചെങ്കോട്ടയിൽ നിന്നാണ് 1675 ൽ ഗുരു തേജ് ബഹദൂറിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാരണത്താലാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ചെങ്കോട്ട തന്നെ തിരഞ്ഞെടുത്തത്. ‘മതാന്തര സമാധാനവും സാമുദായിക സാഹോദര്യവും’ എന്ന വിഷത്തിലൂന്നിയാകും പ്രധാനമന്ത്രിയുടെ പ്രസംഗം
