വിസ നിയമങ്ങളില്‍ സമഗ്ര പരിഷ്‌കരണമേര്‍പ്പെടുത്തി യു.എ.ഇ. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, അതിലൂടെ രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണിത്. എല്ലാ വിസകളിലും ഒന്നില്‍ കൂടുതല്‍ തവണ വന്നുപോകുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയുംചെയ്യും. രക്ഷിതാക്കള്‍ക്ക് ആണ്‍മക്കളെ 25 വയസ്സുവരെ സ്‌പോണ്‍സര്‍ ചെയ്യാനും അനുമതിയുണ്ട്. നിലവില്‍ 18 വയസ്സുവരെ മാത്രമാണ് ആണ്‍മക്കളെ സ്പോണ്‍സര്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നത്.
ഗോള്‍ഡന്‍ വിസ സംവിധാനം വിപുലീകരിക്കും. പുതിയ തൊഴിലന്വേഷകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച സാധ്യതകളാണ് ഇത് തുറന്നിടുന്നത്. പ്രതിമാസം 30,000 ദിര്‍ഹത്തിലധികം വേതനമുള്ള പ്രൊഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരത്തോടെയുള്ള ഭേദഗതികള്‍ യു.എ.ഇ. ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് വ്യക്തമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ കൂടുതലായി യു.എ.ഇയിലേക്ക് ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ വ്യവസ്ഥകളെന്നും മീഡിയ ഓഫീസ് അറിയിച്ചു.