സില്‍വര്‍ലൈന്‍; യെച്ചൂരിയും പിണറായിയും പറയുന്നത് ഒരേ കാര്യം- എസ് ആര്‍ പി

സില്‍വര്‍ലൈന്‍ വിഷയത്തില്‍ സി പി എം കേന്ദ്ര- സംസ്ഥാന നേതാക്കള്‍ തമ്മില്‍ ഒരു അഭിപ്രായ വിത്യാസവുമില്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായിയുമെല്ലാം പറയുന്നത് ഒരേ കാര്യമാണ്. കെ റെയില്‍ നടപ്പാക്കണമെന്നാണ് സി പി എം പി ബിയുടേയും കേരള ഘടകത്തിന്റേയും ആഗ്രഹം. ഇതിന് വേണ്ട ശ്രമങ്ങള്‍ നടിത്തിക്കൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ എസ് ആര്‍ പി പറഞ്ഞു.

പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ശ്രദ്ധയോടെ പരിഗണിക്കുന്നുണ്ട്. പരിസ്ഥിതി ആഘാത പഠനത്തില്‍ പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും. വികസന വിരോധികളായ ചിലരാണ് പദ്ധതിക്കെതിരായി നില്‍ക്കുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ നയങ്ങളും തീരുമാനിച്ചു കഴിഞ്ഞതാണ്. എല്ലാ വിഷയങ്ങളും സംബന്ധിച്ചും തുറന്ന് ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുന്ന സമ്പ്രദായമാണ് പാര്‍ട്ടിക്കുള്ളത്.
ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ബി ജെ പി ശ്രമിക്കുന്നത്. ജനാധിപത്യ സംവിധാനമടക്കം അട്ടിമറിക്കപ്പെടുന്നു. സ്വതന്ത്രമായ വിദേശനയവും ഇല്ലാതായിരിക്കുന്നു. ഇക്കാര്യങ്ങളില്‍ ആരൊക്കെ ബി ജെ പിയെ എതിര്‍ക്കാന്‍ തയാറുള്ളത് അവര്‍ക്കൊപ്പം സി പി എമ്മുമുണ്ടാകുമെന്നും എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *