അമേരിക്കൻ ഉപരോധത്തിന് പുല്ലുവില, റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്‌ക്കെതിരെ അമേരിക്കയുടെ മുന്നറിയിപ്പ്

യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനുള്ള മറുപടിയായി റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നയം പാളുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെയാണ് അമേരിക്കയുടെ പദ്ധതി പാളിയത്. ഇതേ തുടർന്ന് ഉപരോധങ്ങൾ പാലിക്കാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിമർശിച്ച് അമേരിക്ക രംഗത്ത് വന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. വാഷിംഗ്ടൺ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി സാകി പറഞ്ഞു.


റഷ്യയിൽ നിന്നും എണ്ണയുടേയും മറ്റ് വസ്തുക്കളുടേയും ഇറക്കുമതി ത്വരിതപ്പെടുത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ താൽപ്പര്യമാണെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. റഷ്യയിൽ നിന്നും ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 12% മാത്രമാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

അതേസമയം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യമാണ് സാകിയെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായാണ് റഷ്യയ്‌ക്കെതിരെ വാഷിംഗ്ടൺ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കുമെന്ന് യു എസ് പ്രതീക്ഷിക്കുന്നതായി പ്രസ്താവിച്ചത്.റഷ്യയിൽ നിന്നും അമേരിക്ക ഇപ്പോഴും എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും, ഇതിന്റെ അളവ് വർദ്ധിപ്പതായും അടുത്തിടെ റഷ്യ വ്യക്തമാക്കിയിരുന്നു.

റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി മിഖായേൽ പോപോവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എണ്ണ ഇറക്കുമതി വലിയ അളവിൽ വർദ്ധിപ്പിക്കാൻ അമേരിക്കൻ കമ്പനികൾ തയ്യാറായി എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ നിന്നും സമ്മർദ്ദം നേരിടുമ്പോഴും റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഇറക്കുമതി നിർത്താതെയുള്ള ഇന്ത്യൻ നയതന്ത്രത്തിന് പാകിസ്ഥാനിൽ നിന്നുപോലും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *