പണിമുടക്ക് രണ്ടാം ദിനം: പെട്രോൾ പമ്പുകൾ തുറന്നു, സജീവമായി റോഡുകൾ; പിന്നോട്ടില്ലെന്ന് യൂണിയനുകൾ

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. രണ്ടാം ദിനത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും പെട്രോള്‍ പമ്പുകള്‍ തുറന്നു. അതിനിടെ, ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ജോലിക്കെത്തണം എന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എറണാകുളത്ത് വാഹനങ്ങള്‍ രാവിലെത്തന്നെ ഓടിത്തുടങ്ങിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളും കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാര വ്യവസായ സംഘടന നേരത്തെ തന്നെ അറിയിച്ചിരുന്നു. ചില ആളുകള്‍ക്ക് മാത്രം സമരത്തില്‍ പരിഗണന ലഭിക്കുന്നു എന്ന ആക്ഷേപങ്ങള്‍ പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ ഉയര്‍ന്നിരുന്നു. ചില ആളുകളുടെ കടകളും സ്ഥാപനങ്ങളും തുറക്കുന്നതിന് തടസമുണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. ചെറുകിട സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടുന്നു, നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നു, ഇത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് സംഘടനകള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ഇന്ന് കടകള്‍ എല്ലാം തുറക്കുമെന്ന് ജില്ലയിലെ സംയുക്ത വ്യാപാര വ്യാവസായ സംഘടന അറിയിച്ചത്.

കോഴിക്കോട് പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ ഹര്‍ത്താലിന് സമാനമായിരുന്നെങ്കിലും വൈകുന്നേരത്തോടെ ആളുകള്‍ പുറത്തിറങ്ങിയിരുന്നു. ഗ്രാമീണ മേഖലകളില്‍ കടകളില്‍ തുറന്നിരുന്നുവെങ്കിലും നഗരങ്ങളില്‍ കടകളൊക്കെ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ദിനത്തില്‍ കടകളൊക്കെ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരിക്കുന്നത്. പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ കൊച്ചിയില്‍ മാളുകളൊക്കെ തുറക്കുന്ന സാഹചര്യത്തില്‍ ചെറുകിട കച്ചവടക്കാരെ തകര്‍ക്കാന്‍ വേണ്ടിയാണ് എന്നാരോപിച്ചു കൊണ്ടാണ് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. അതേസമയം കോഴിക്കോടിലെ പെട്രോള്‍ പമ്പുകള്‍ നിര്‍ബന്ധമായും തുറന്നു പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പമ്പുകള്‍ അതിരാവിലെ തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പമ്പുകളില്‍ വലിയ തിരക്കുകളാണ് അനുഭവപ്പെടുന്നത്. കൊച്ചിയിലെ പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്

പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ കടകമ്പോളങ്ങള്‍ ഏതാണ് പൂര്‍ണമായും അടഞ്ഞികിടന്ന അവസ്ഥയായിരുന്നു. പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ടാക്സികളും സര്‍വീസ് നടത്തിയില്ല. ചിലയിടങ്ങളില്‍ ആക്രമണ സംഭവങ്ങളുമുണ്ടായി. ജോലിക്കെത്തിയ തൊഴിലാളികളെ തിരിച്ചയക്കുന്നതും ചിലയിടങ്ങളില്‍ ഉണ്ടായി.

32 ജീവനക്കാര്‍ മാത്രമായിരുന്നു തിങ്കളാഴ്ച സെക്രട്ടറിയേറ്റില്‍ ഹാജരായത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് എത്രത്തോളം പേര്‍ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല. ഡയസ്നോണ്‍ ബാധകമാണെങ്കിലും രണ്ടാംദിവസവും പണിമുടക്ക് തുടരുമെന്ന് എല്‍.ഡി.എഫ്., യു.ഡി.എഫ്. അനുകൂല സംഘടനകള്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയും പണിമുടക്ക് തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

13 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ആദ്യ ദിനത്തില്‍ തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. രണ്ടാം ദിനത്തില്‍, കെ.എസ്.ആര്‍.ടി.സിയിലെ കൂടുതല്‍ ജീവനക്കാര്‍ ജോലിക്ക് എത്തിയാല്‍ മാത്രമേ സര്‍വീസുകള്‍ നടത്താന്‍ സാധിക്കൂ. ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്താന്‍ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയേക്കും.

കോഴിക്കോട് കളക്ടറേറ്റില്‍ 234 ജീവനക്കാരില്‍ 5 പേര്‍ മാത്രമാണ് പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ എത്തിയത്. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് എത്രത്തോളം ജീവനക്കാര്‍ എത്തുമെന്നത് വൈകാതെ വ്യക്തമാകും. കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസുകളും ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *

You missed