2021-22 സാമ്പത്തിക വർഷത്തിൽ 400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ച് ഇന്ത്യ. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഒമ്പതുദിവസം ബാക്കി നിൽക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2020-21 കാലയളവിൽ 292 ബില്യൺ ഡോളറിന്റേതായിരുന്നു കയറ്റുമതി. 37 ശതമാനം വളർച്ചയാണ് കയറ്റുമതിയിൽ രാജ്യം നേടിയത്.
ആദ്യമായാണ് ഒരു സാമ്പത്തിക വർഷം രാജ്യം 400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി നടത്തുന്നത്.കയറ്റുമതി ലക്ഷ്യം നേടാൻ സാഹായിച്ച കർഷകർ, നെയ്ത്തുകാർ, എം.എസ്.എം.ഇകൾ, നിർമ്മാതാക്കൾ തുടങ്ങിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും ജില്ലകൾ കേന്ദ്രീകരിച്ചും കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികളുടെ സാക്ഷാത്കാരമാണ് ഈ നേട്ടമെന്ന് കേന്ദ്രം പറയുന്നു. കയറ്റുമതി രംഗത്തെ പ്രമോട്ടർമാരെയും ഉത്പാദകരെയും ഒരേ രീതിയിൽ കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളും വിജയിച്ചതായാണ് കേന്ദ്രത്തിന്റെ അവകാശവാദം.