കെഎസ്ആർടിസിക്കുള്ള ഡീസൽ വില ലിറ്ററിന് 21 രൂപ കൂട്ടി; സർക്കാർ ഹൈക്കോടതിയില്‍

ഡീസല്‍ വിലവർദ്ധനവിനെതിരെ കെ എസ് ആർ ടി സി ഹൈക്കോടതിയിൽ ഹർജി നൽകി. പൊതുമേഖല എണ്ണക്കമ്പനികൾ വില കുത്തനെ വർധിപ്പിച്ചതിനെതിരെയാണ് ഹര്‍ജി നൽകിയിരിക്കുന്നത്. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയിരുന്നു. ഈ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെ എസ് ആർ ടി സിയുടെ വാദം.

കെ എസ് ആർ ടി സിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടിയത് തിരിച്ചടിയായിരുന്നു. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൂട്ടിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് എണ്ണവില വർദ്ധിപ്പിച്ചത്. നേരത്തേ ഐ ഒ സി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനിൽക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്.

വിലവർധനക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. കെ എസ് ആർ ടി സിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധനവില വർധനയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 4 ലക്ഷം ലിറ്റർ ഡിസലാണ് കെ എസ് ആർ ടി സിക്ക് ഒരു ദിവസം വേണ്ടത്. നിലവിലെ സാഹചര്യത്തിൽ വില വർധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക. ഇത് കെ എസ് ആർ ടി സിക്ക് താങ്ങാൻ കഴിയില്ല. പൊതു ഗതാഗതത്തെ തകർക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും ആന്റണി രാജു പറഞ്ഞിരുന്നു.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 20 കോടിയായിരുന്നു കെ എസ് ആർ ടി സിയുടെ വരുമാനം. അത് 150 കോടി വരെയാക്കി. 200 കോടി പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇടിതീ പോലെ ഇന്ധനവില കൂട്ടിയത്. സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണുണ്ടാകുന്നത്. 2,000 കോടിയുടെ സഹായം സർക്കാർ ഇതിനകം കെ എസ് ആർ ടി സിക്ക് നൽകിയിട്ടുണ്ട്. ഇന്ധനവില ഈ രീതിയിൽ കൂടിയാൽ ഇനി എന്തു സഹായം നൽകിയാലും പിടിച്ചു നിൽക്കാനാവില്ല. സ്വകാര്യ പമ്പിൽ നിന്ന് എക്കാലവും ഇന്ധനം നിറയ്ക്കാവില്ല. ബസ് ചാർജ് വർദ്ധിപ്പിച്ചാലും പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *