ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ശക്തമായ ഭൂചലനം. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതേ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയതായി ജപ്പാൻ ജിയോളജിക്കൽ സർവേ അറിയിച്ചു.
ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റർ (37 മൈൽ) ആഴത്തിലാണ് ഭൂചലനമുണ്ടായത്. ആദ്യം റിക്ടർ സ്കെയിലിൽ 7.1 ലും പിന്നീട് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ ഭയന്ന് പലായനം ചെയ്തു. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
രാത്രി 11:36 ന് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെ, തീരത്തിന്റെ ചില ഭാഗങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
നാശനഷ്ടങ്ങളോ പരിക്കുകളോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ടോക്കിയോയിലെ 700,000 ഉൾപ്പെടെ കുറഞ്ഞത് രണ്ട് ദശലക്ഷം വീടുകളെങ്കിലും വൈദ്യുതി മുടങ്ങിയതായി വൈദ്യുതി ദാതാക്കളായ ടെപ്‌കോ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ 156,000 വീടുകൾക്ക് വൈദ്യുതി ഇല്ലെന്ന് റീജിയണൽ എനർജി കമ്പനിയാ തോഹോകു ഇലക്ട്രിക് പവർ അറിയിച്ചു.
സ്ഥിതിഗതികൾ സംബന്ധിച്ച് സർക്കാർ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമപ്രവർത്തകരോട് പറഞ്ഞു.