ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; 10 നഗരങ്ങളിൽ ലോക്‌ഡൗൺ

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ 10 നഗരങ്ങളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയത്. കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.

1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചും ശക്തമായ ലോക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിലെ ഐഫോൺ നിർമാണ പ്ലാന്റ് പ്രവർത്തനം നിർത്തി. ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. ഷാങ്ഹായ്, ചാങ്ചുൻ നഗരങ്ങളിലും ഭാഗിക ലോക്ഡൗൺ ഉണ്ട്. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്.

ദക്ഷിണ കൊറിയയിൽ തിങ്കളാഴ്ച 3,09,790 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് 3 ലക്ഷത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്നാണു വിലയിരുത്തൽ. ജനുവരി അവസാനത്തോടെയാണു രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാൻ തുടങ്ങിയത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 15 ശതമാനത്തോളം കുട്ടികളാണെന്നാണു സർക്കാർ വിലയിരുത്തൽ. കുട്ടികളുടെ മരണം തടയാൻ 5 –11 വയസ്സുകാർക്കുള്ള വാക്സിനേഷൻ ഈ മാസം അവസാനത്തോടെ ആരംഭിക്കും.

∙ യുകെയിലും യൂറോപ്പിലെ നെതർലൻഡ്സ്, ജർമനി, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഇറ്റലി എന്നിവിടങ്ങളിലും കേസുകൾ കഴിഞ്ഞ ഒരാഴ്ചയായി കൂടുകയാണ്. യുകെ, നെതർലൻഡ്സ്, അയർലൻഡ് എന്നിവിടങ്ങളിൽ കോവിഡ് ബാധിതർക്കൊപ്പം ആശുപത്രിയിലാകുന്നവരുടെ എണ്ണവും വർധിക്കുന്നു.
∙ പുതിയ വകഭേദങ്ങൾ ഇനിയും വരാനുള്ള സാധ്യത നിലനിൽക്കെ വാക്സീന്റെ നാലാം ഡോസ് അനിവാര്യമാണെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബോർല പറഞ്ഞു.
∙ 80 വയസ്സ് കഴിഞ്ഞവർക്ക് ഫ്രാൻസിൽ നാലാം ഡോസ് വാക്സീൻ പ്രഖ്യാപിച്ചു. മൂന്നാം ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ്.

കൊവിഡ് നാലാം തരംഗത്തിലേക്ക് അതിവേഗം അടുക്കുന്നോ എന്നാണ് ലോക ആരോഗ്യ മേഖലയുടെ ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *